വില്‍പത്രപ്രകാരമുള്ള ഭൂമി പോക്കുവരവ് ചെയ്യാൻ ഇനി കടമ്ബകളേറെ

വില്‍പത്രപ്രകാരമുള്ള ഭൂമി പോക്കുവരവ് ചെയ്യാൻ ഇനി കടമ്ബകളേറെ
alternatetext

തിരുവനന്തപുരം: വില്‍പത്രപ്രകാരമുള്ള ഭൂമി പോക്കുവരവ് ചെയ്യാൻ ഇനി കടമ്ബകളേറെ. സബ് രജിസ്ട്രാർ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്ത വില്‍പത്രത്തിലെ ഭൂമി പോക്കുവരവ് ചെയ്യാൻ പോലും ഇനി അവകാശികളുടെ സമ്മതംകൂടി വേണം. രജിസ്റ്റര്‍ ചെയ്യാത്ത വില്‍പത്രത്തിനുപോലും നിയമപ്രാബല്യം ഉണ്ടായിരിക്കെയാണ് രജിസ്റ്റര്‍ ചെയ്തതിന്‍റെ കാര്യത്തില്‍ ഏറെ പോക്കും വരവും വേണ്ടിവരുന്നത്.

വില്‍പത്രം എഴുതിയയാളുടെ മരണ സര്‍ട്ടിഫിക്കറ്റിനൊപ്പം അസ്സല്‍ വില്‍പത്രം, സര്‍ട്ടിഫൈഡ് കോപ്പി, ബാധ്യത സര്‍ട്ടിഫിക്കറ്റ്, ലിസ്റ്റ് സര്‍ട്ടിഫിക്കറ്റ് എന്നിവ അടക്കം വില്ലേജ് ഓഫിസര്‍ക്ക് അപേക്ഷ നല്‍കിയാല്‍ ഭൂമി പോക്കുവരവ് ചെയ്ത് ഭൂനികുതി ഈടാക്കുന്നതാണ് നിലവിലെ രീതി. ഇനി വില്‍പത്രം എഴുതിവെച്ചയാളുടെ അനന്തരാവകാശ സര്‍ട്ടിഫിക്കറ്റും അപേക്ഷയ്ക്കൊപ്പം നല്‍കണം. ഇതില്‍ പറയുന്നവര്‍ക്ക് നോട്ടീസ് അയച്ച്‌ അവരുടെ സമ്മതം കൂടി ഉണ്ടെങ്കിലേ പോക്കുവരവ് സാധ്യമാകൂ. വില്‍പത്രപ്രകാരമുള്ള ഭൂമിയില്‍ ഇവർ അവകാശമുന്നയിച്ചാല്‍ പോക്കുവരവ് നടപടി നിര്‍ത്തിവെക്കുകയും ഭൂനികുതി ഈടാക്കുന്നത് മരവിപ്പിക്കുകയും ചെയ്യും. ആക്ഷേപം ഉന്നയിക്കുന്നവര്‍ കോടതിയെ സമീപിച്ചാല്‍ വ്യവഹാര നടപടികളിലേക്കും നീങ്ങും.

ഹൈകോടതി അടുത്തിടെ നടത്തിയ വിധിയെ തുടര്‍ന്നാണ് വില്‍പത്രപ്രകാരമുള്ള ഭൂമി പോക്കുവരവ് ചെയ്യാൻ അവകാശികളുടെ സമ്മതവും കൂടി വേണമെന്ന് റവന്യൂ വകുപ്പ് നിർദേശം നല്‍കിയത്. ഏകീകൃത നിയമമില്ലാത്തതാണ് വില്‍പത്ര ഭൂമിയുടെ പോക്കുവരവ് വിധിയില്‍ പരാമര്‍ശിക്കാൻ ഇടയാക്കിയത്. വില്‍പത്രപ്രകാരം കിട്ടിയ വസ്തുവകകള്‍ പണയപ്പെടുത്തി വായ്പ നല്‍കുന്നതിലും ധനകാര്യസ്ഥാപനങ്ങള്‍ പിടിമുറുക്കി. വില്‍പത്രം എഴുതിവെച്ചയാളുടെ അവകാശ സര്‍ട്ടിഫിക്കറ്റും അതില്‍ പറയുന്നവരുടെ സമ്മതപത്രവും നല്‍കണമെന്ന് പോക്കുവരവ് ചെയ്ത ഭൂമിയുടെ സകല അവകാശരേഖകളും ഹാജരാക്കുന്നവരോടുപോലും ബാങ്കുകള്‍ ആവശ്യപ്പെട്ടുതുടങ്ങി.

ജീവിതകാലം ആര്‍ജിച്ചതും കുടുംബപരമായി കിട്ടിയതുമായ സ്വത്തുക്കള്‍ കാലശേഷം സംരക്ഷിക്കുന്നവര്‍ക്ക് തന്നെ ലഭിക്കുന്നതിനും പിന്തുടര്‍ച്ചാവകാശികള്‍ തമ്മില്‍ തര്‍ക്കം ഉണ്ടാകാതിരിക്കുന്നതിനുമാണ് ഭൂഉടമകള്‍ വില്‍പത്രം എഴുതുന്നത്. ധനനിശ്ചയം ഉള്‍പ്പെടെ ആധാരമായി രജിസ്റ്റർ ചെയ്താല്‍ സ്റ്റാമ്ബ് ഡ്യൂട്ടിയും രജിസ്ട്രേഷന്‍ ഫീസുമായി വലിയ തുക ചെലവാകുമെന്നതും വില്‍പത്രം രജിസ്റ്റര്‍ ചെയ്യാൻ കാരണമാണ്.