കോട്ടയം: ഏറ്റുമാനൂരില്‍ ജീവനൊടുക്കിയ അഭിഭാഷക ജിസ്മോളിന്റെയും മക്കളായ നേഹയുടെയും നോറയുടെയും സംസ്കാരം ഇന്നു നടക്കും. ജിസ്മോളുടെ നാടായ പാലാ പടിഞ്ഞാറ്റിങ്കര പൂവത്തുങ്കലിലെ ചെറുകര സെന്റ് മേരീസ് ക്നാനായ പള്ളി സെമിത്തേരിയില്‍ വൈകിട്ട് 3.30നാണ് സംസ്കാരം നടത്തുക. ഇന്ന് രാവിലെ 9 മണിക്ക് മൃതദേഹങ്ങള്‍ ഭര്‍ത്താവ് ജിമ്മിയുടെ ഇടവകയായ നീറിക്കാട് ലൂര്‍ദ് മാതാ പള്ളി ഹാളില്‍ എത്തിക്കും. പൊതുദര്‍ശനത്തിന് ശേഷം മൃതദേഹങ്ങള്‍ നേരിട്ട് സെമിത്തേരിയിലേക്കായിരിക്കും കൊണ്ടുപോകുക. ജിമ്മിയുടെ വീട്ടിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നില്ല.
ഭര്‍ത്താവിന്റെ വീട്ടില്‍ നേരിട്ട മാനസിക പീഡനത്തെത്തുടര്‍ന്നാണ് ജിസ്മോള്‍ മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. ഇതേത്തുടര്‍ന്ന് ജിമ്മിയുടെ നാട്ടിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുവരില്ലെന്നും അവിടുത്തെ പള്ളിയില്‍ സംസ്കാരം നടത്തില്ലെന്നുമുള്ള നിലപാടിലായിരുന്നു ജിസ്മോളുടെ കുടുംബം. എന്നാല്‍ ക്നാനായ സഭ നിയമ പ്രകാരം ഭര്‍ത്താവിന്റെ ഇടവകയില്‍ തന്നെ സംസ്കാരം നടത്തണം. തുടര്‍ന്ന് സഭാതലത്തില്‍ രണ്ടുദിവസം നീണ്ട ചര്‍ച്ചയ്ക്കൊടുവിലാണ് നീറിക്കാട് ഒന്നര മണിക്കൂര്‍ പൊതുദര്‍ശനം നടത്താന്‍ ധാരണയായത്. പൊതുദര്‍ശനത്തിനുശേഷം ഉടന്‍ മൃതദേഹങ്ങള്‍ പാലായിലേക്ക് കൊണ്ടുപോകും.
ജിസ്മോളുടെയും മക്കളുടെയും മൃതദേഹം നിലവില്‍ പാലായിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്. നിറത്തിന്റെ പേരിലും സാമ്ബത്തിക സ്ഥിതിയുടെ പേരിലും ഭര്‍ത്താവിന്റെ വീട്ടില്‍ ജിസ്മോള്‍ മാനസിക പീഡനം നേരിട്ടിരുന്നുവെന്ന് സഹോദരന് ജിറ്റു തോമസ് പറഞ്ഞു. പീഡനങ്ങളുടെ വിവരങ്ങള്‍ ജിസ്മോളുടെ അച്ഛനും സഹോദരനും ഏറ്റുമാനൂര്‍ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. മരിക്കുന്നതിന് രണ്ടുദിവസം മുന്‍പ് മുതല്‍ ജിസ്മോളെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു.
ജിസ്മോളുടെ ഫോണ്‍ ഭര്‍ത്താവ് ജിമ്മി വാങ്ങിവച്ചിരുന്നതായി സംശയിക്കുന്നുണ്ട്. പലതവണ ജിസ്മോളെ ഭര്‍തൃവീട്ടില്‍ നിന്ന് കൂട്ടികൊണ്ട് വരാന്‍ ശ്രമിച്ചിരുന്നുവെന്നും സഹോദരന് പറഞ്ഞു. വീട്ടില്‍ വച്ച് കൈ ഞെരമ്ബ് മുറിച്ച് കുട്ടികള്‍ക്ക് വിഷം നല്കിയ ശേഷം ജിസ്മോള്‍ പുഴയില്‍ ചാടുകയായിരുന്നു. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.