ചെന്നൈ: ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് എന്നറിയപ്പെട്ട പ്രശസ്ത ഹൃദയാരോഗ്യ വിദഗ്ധർ ഡോ. മാത്യു സാമുവല്‍ കളരിക്കല്‍ (77) അന്തരിച്ചു.
ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് അന്ത്യം. 2000ത്തില്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.
ആൻജിയോപ്ലാസ്റ്റിയുടെ നടപടിക്രമങ്ങള്‍ ഏകീകരിക്കാനും കാര്യക്ഷമമാക്കാനുമുള്ള പ്രവർത്തനങ്ങളുടെ പേരിലാണ് അദ്ദേഹം ആദരിക്കപ്പെടുന്നത്. നാഷണല്‍ ആൻജിയോപ്ലാസ്റ്റി രജിസ്ട്രി ഓഫ് ഇന്ത്യ സ്ഥാപിച്ചത് അദ്ദേഹമാണ്. കൊറോണറി ആൻജിയോപ്ലാസ്റ്റി, കരോട്ടിങ് സ്റ്റെൻഡിങ്, കൊറോണറി സ്റ്റെൻഡിങ് തുടങ്ങിയവയില്‍ വിദഗ്ധനായിരുന്നു ഡോ. മാത്യു സാമുവല്‍ കളരിക്കല്‍.
രാജ്യത്ത് ആദ്യമായി കൊറോണറി ആൻജിയോപ്ലാസ്റ്റി നടത്തിയത് ഡോ. മാത്യു സാമുവലാണ്. ഇലക്‌ട്രോണിക്ക് അല്‍ജെസിമീറ്റർ, ജുഗുലാർ വെനസ് പ്രഷർ സ്കെയില്‍ തുടങ്ങിയവയ്ക്ക് അദ്ദേഹത്തിനു പേറ്റന്റുണ്ട്. ഹൃദയ ധമനികളിലെ തടസം നീക്കുന്ന ആൻജിയോപ്ലാസ്റ്റിയില്‍ ലോക സ്റ്റെന്റുകള്‍ക്കു പകരം സ്വയം വിഘടിച്ചു ഇല്ലാതാകുന്ന ബയോ സ്റ്റെന്റുകള്‍ ഉപയോഗിച്ചുള്ള ചികിത്സയുടെ അമരക്കാരിലൊരാളും അദ്ദേഹമാണ്. ചെന്നൈ അപ്പോളോ, മുംബൈ ലീലാവതി, ബ്രീച്ച് കാൻഡി അടക്കം ഇന്ത്യയിലെ പ്രധാന ആശുപത്രികളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1948 ജനുവരി ആറിന് കോട്ടയത്താണ് ഡോ. മാത്യു സാമുവല്‍ ജനിച്ചത്. ആയുവ യുസി കോളജിലെ പഠന ശേഷം 1974ല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നു എംബിബിഎസ് നേടി. ചെന്നൈയിലെ സ്റ്റാൻലി കോളജില്‍ നിന്നു എംഡിയും മദ്രാസ് മെഡിക്കല്‍ കോളജില്‍ നിന്നു ഡിഎമ്മും പാസായി. പീഡിയാട്രിക്ക് സർജറി ട്യൂട്ടറായാണ് ജോലി ആരംഭിച്ചത്.
ആൻജിയോപ്ലാസ്റ്റിയുടെ തലതൊട്ടപ്പനായി അറിയപ്പെട്ടിരുന്ന സൂറിച്ചിലെ ഡോ. ആൻഡ്രിയാക് ജെൻസിക്കുമായി അദ്ദേഹം കത്തിടപാടുകള്‍ നടത്താറുണ്ടായിരുന്നു. ജെൻസിക് പിന്നീട് അദ്ദേഹത്തെ സൂറിച്ചിലേക്ക് ക്ഷണിച്ചു. സ്കോളർഷിപ്പോടെ അദ്ദേഹം സൂറിച്ചിലേക്ക് പോയി. പിന്നാലെ മാത്യു സാമുവല്‍ ജെൻസിക്കിനൊപ്പം മാത്യുവും യുഎസിലേക്കു പോയി. അറ്റ്ലാന്റയിലെ എമറി സർവകലാശാലയിലാണ് അദ്ദേഹം ആൻജിയോപ്ലാസ്റ്റിയില്‍ ഗവേഷണങ്ങള്‍ നടത്തിയത്. 1986ല്‍ അദ്ദേഹം ചെന്നൈയില്‍ തിരിച്ചെത്തുകയും ചെയ്തു.
ഭാര്യ: ബീന മാത്യു. മക്കള്‍: സാം മാത്യു, അന മേരി മാത്യു. മരുമക്കള്‍: മെറിൻ, ടാജർ വർഗീസ്. സംസ്കാരം ഈ മാസം 21നു മാങ്ങാനം സെന്റ് പീറ്റേഴ്സ് മാർത്തോമ്മാ പള്ളി സെമിത്തേരിയില്‍. 21നു ഉച്ചയ്ക്ക് 2 മണിക്കു കോട്ടയം മാങ്ങാനത്തെ വീട്ടില്‍ ശുശ്രൂഷയ്ക്ക് ശേഷം മൂന്നിന് മൃതദേഹം സംസ്കരിക്കും.