ധനകാര്യ വകുപ്പിനെ വിമര്‍ശിച്ച്‌ മുന്‍ മന്ത്രി ജി. സുധാകരന്‍

ധനകാര്യ വകുപ്പിനെ വിമര്‍ശിച്ച്‌ മുന്‍ മന്ത്രി ജി. സുധാകരന്‍
alternatetext

തകഴി: ധനകാര്യ വകുപ്പിനെ വിമര്‍ശിച്ച്‌ മുന്‍ മന്ത്രി ജി. സുധാകരന്‍. തകഴി സ്മാരക പുരസ്‌കാര വിതരണ ചടങ്ങിലാണ് ധനകാര്യ വകുപ്പിനെ വിമര്‍ശിച്ച്‌ സുധാകരന്‍ രംഗത്തെത്തിയത്. തകഴി മ്യൂസിയം നിര്‍മാണത്തിന് ഒന്നാം പിണറായി സര്‍ക്കാര്‍ 6 കോടി രൂപയ്‌ക്കാണ് അംഗീകാരം നല്കിയത്. ഇതില്‍ ഒന്നേമുക്കാല്‍ കോടിയോളം രൂപ മ്യൂസിയം നിര്‍മാണത്തിനായി ചെലവഴിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തനുവദിച്ച മൂന്നരക്കോടി രൂപ ധനകാര്യ വകുപ്പ് തിരിച്ചെടുത്തു. തകഴി സ്മാരകത്തിന്റെ ട്രഷറി അക്കൗണ്ടിലുണ്ടായിരുന്ന 60 ലക്ഷം രൂപയും സര്‍ക്കാര്‍ തിരിച്ചെടുത്തു.

രണ്ടു വര്‍ഷമായി നിരവധി കത്തുകള്‍ നല്കുകയും ധനമന്ത്രിയെ വിളിക്കുകയും ചെയ്തു. എന്നാല്‍ വകുപ്പിന്റെ പ്രയാസം മൂലം പണം ലഭിച്ചില്ല. നിര്‍മാണം നടത്തിയ ഇനത്തില്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് 50 ലക്ഷം രൂപ നല്കാനുണ്ടെന്നും സുധാകരന്‍ പറഞ്ഞു. തകഴി ശിവശങ്കരപ്പിള്ള സ്മാരക യുപി സ്‌കൂളില്‍ നടന്ന തകഴി സാഹിത്യോത്സവ സമാപന സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു സ്മാരക സമിതി ചെയര്‍മാന്‍ കൂടിയായ ജി. സുധാകരന്‍. പ്രശസ്ത എഴുത്തുകാരി കെ.പി. സുധീരക്ക് സുധാകരന്‍ തകഴി സാഹിത്യ പുരസ്‌കാരം സമര്‍പ്പിച്ചു