രമേശ് ചെന്നിത്തലയെ കസ്റ്റഡിയിലെടുത്ത് മുംബയ് പൊലീസ്

alternatetext

മുംബയ്: കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയെ കസ്റ്റഡിയിലെടുത്ത് മുംബയ് പൊലീസ്. മഹാരാഷ്‌ട്ര പിസിസി പ്രസിഡന്റ് ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇഡി ഓഫീസ് മാർച്ചില്‍ പങ്കെടുക്കാൻ പുറപ്പെട്ട നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തത്. പിസിസി ഓഫീസില്‍ നിന്ന് പുറത്തിറങ്ങുമ്ബോഴായിരുന്നു പൊലീസ് നടപടി. എല്ലാവരെയും ദാദർ സ്റ്റേഷനിലേക്ക് കൊണ്ടുപോയ ശേഷം വിട്ടയച്ചു. ചെന്നിത്തല തിലക് ഭവനിലേക്ക് തിരികെയെത്തി.

നാഷണല്‍ ഹെറാള്‍ഡ് കേസിലെ ഇഡി നടപടിയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധം നടന്നുവരുന്നുണ്ട്. മുംബയിലെ പിസിസി ഓഫീസിന് സമീപത്ത് ഇന്ന് പ്രതിഷേധം നടന്നിരുന്നു. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് ഇന്ന് പ്രതിഷേധം നടന്നത്. ഇങ്ങനെയൊരു പ്രതിഷേധ പരിപാടി നടത്താന്‍ സമ്മതിക്കില്ലെന്ന് പൊലീസ് നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ഓരോരുത്തരെയും കസ്റ്റഡിയിലെടുത്ത് ദാദറിലെ പൊലീസ് സ്റ്റേഷനിലെത്തിച്ചത്.