സെക്രട്ടേറിയറ്റിന് മുന്നിലെ ആശാ വർക്കേഴ്സിന്റെ സമരവുമായി ബന്ധപ്പെട്ട ഹർജിയില്‍ ഇടപെടാതെ ഹൈക്കോടതി. സമരം ഒത്തുതീർപ്പാക്കാൻ സർക്കാരിന് നിർദ്ദേശം നല്‍കണമെന്ന ഹർജിയില്‍ ഇടപെടാൻ കോടതി തയ്യാറായില്ല.
പ്രശ്നപരിഹാരത്തിന് കമ്മിറ്റി രൂപീകരിച്ചെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. മൂന്നു മാസത്തിനകം കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കും എന്ന് സർക്കാർ കോടതിയില്‍ പറഞ്ഞു. പൊതുതാല്‍പര്യ ഹർജിയിലാണ് ഹൈക്കോടതി നടപടി.ആശാ സമരം അനിശ്ചിതമായി തുടരുകയാണെന്നും സമരം അവസാനിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ ഇടപെടല്‍ നടത്തുന്നില്ലെന്നുമായിരുന്നു ഹർജി. തുടർന്ന് സർക്കാരിന്റെ അഭിപ്രായം ഹൈക്കോടതി തേടി.
ഇതില്‍ സർക്കാർ മറുപടി നല്‍കുകയും ചെയ്തു. ഒരു സമിതിയെ നിയമച്ചിട്ടുണ്ടെന്നും ഇതിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ മതിയായ തീരുമാനം എടുക്കുമെന്ന് സർക്കാർ വ്യക്തമാക്കി. ഇത് രേഖപ്പെടുത്തിക്കൊണ്ടാണ് ഹൈക്കോടതി ഹർജിയില്‍ ഇടപെടാൻ വിസമ്മതിച്ചത്.ഓണറേറിയം വർധന ആവശ്യപ്പെട്ട് ആശ വർക്കേഴ്സ് നടത്തി വരുന്ന സമരം 66 ആം ദിവസത്തിലേക്ക്. ആവശ്യം അംഗീകരിക്കും വരെ സമരത്തില്‍ നിന്ന് പിന്നോട്ട് ഇല്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ആശവർക്കേഴ്സ്. സർക്കാരുമായുള്ള തുടർ ചർച്ചകള്‍ക്ക് വഴിയടഞ്ഞെങ്കിലും മുഖ്യമന്ത്രി ചർച്ചക്ക് വിളിക്കുമെന്ന പ്രതീക്ഷയിലാണ് സമരക്കാർ.