തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ എസ്.എഫ്.ഐ- കെ.എസ്.യു സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്ക്.
സര്‍വകലാശാല യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിജയാഹ്ലാദത്തിനിടെയാണ് കെ.എസ്.യു-എസ്.എഫ്.ഐ പ്രവർത്തകർ തമ്മില്‍ ഏറ്റുമുട്ടിയത്. വൈകീട്ട് ആറു മണിയോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം.
തെരഞ്ഞെടുപ്പില്‍ ഏഴ് ജനറല്‍ സീറ്റില്‍ ആറെണ്ണത്തില്‍ എസ്.എഫ്.ഐ വിജയിച്ചപ്പോള്‍ വൈസ് ചെയർപേഴ്‌സണ്‍ സ്‌ഥാനത്തേക്ക് തെരഞ്ഞടുക്കപ്പെട്ടത് കെ.എസ്.യുവിന്റെ ആമിന ബ്രോഷാണ്. വര്‍ക്കല എസ്.എന്‍ കോളജ് വിദ്യാര്‍ഥിനിയാണ് ആമിന ബ്രോഷ്. കേരള സർവകലാശാലയുടെ സമീപകാല ചരിത്രത്തില്‍ ആദ്യമായാണ് യൂനിയൻ തെരഞ്ഞടുപ്പില്‍ ജനറല്‍ സീറ്റില്‍ കെ.എസ്.യു വിജയിക്കുന്നത്. ഇതേ തുടർന്ന് നടന്ന വിജയാഹ്ലാദങ്ങള്‍ക്കിടെയാണ് പെട്ടെന്ന് വിദ്യാർഥികള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയത്.
പാളയം സര്‍വകലാശാല ആസ്ഥാനത്ത് നിന്ന് ആരംഭിച്ച സംഘര്‍ഷം എം.എല്‍.എ ഹോസ്റ്റലിനു മുന്നിലേക്ക് വരെ വ്യാപിച്ചു. ഏറ്റുമുട്ടലിനെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി. സംഘര്‍ഷത്തിനിടെ, കെ.എസ്.യു പ്രവര്‍ത്തകരും എസ്.എഫ്.ഐ പ്രവര്‍ത്തകരും തമ്മില്‍ കല്ലേറുണ്ടായി. കാമ്ബസിനുള്ളില്‍ നിന്ന് പുറത്തേക്കും തിരിച്ചും വിദ്യാർഥികള്‍ തമ്മില്‍ കല്ലേറ് നടന്നു.
സര്‍വകലാശാലക്കു മുന്നില്‍ റോഡ് ഉപരോധിച്ചുള്ള പ്രതിഷേധം പാളയത്ത് ഗതാഗതക്കുരുക്കും സൃഷ്‌ടിച്ചു. ഒരു ജനറല്‍ സീറ്റിനു പുറമെ, നാലുപേരെ എക്‌സിക്യൂട്ടിവ് കമ്മിറ്റിയിലേക്കും അക്കൗണ്ട്‌സ് കമ്മിറ്റിയില്‍ ഒരാളെയും വിജയിപ്പിക്കാൻ കെ.എസ്.യുവിന് സാധിച്ചു. നീണ്ട കാലയളവിനുശേഷമാണ് മുഴുവന്‍ ജനറല്‍ സീറ്റിലേക്കും കെ.എസ്.യു മത്സരിച്ചത്. യൂനിയൻ ഭരണം കിട്ടിയെങ്കിലും കെ.എസ്.യുവിന്റെ തിരിച്ചുവരവ് എസ്.എഫ്.ഐക്ക് ലഭിച്ച തിരിച്ചടിയാണ്. സെനറ്റ്, സ്റ്റുഡന്റ്സ് കൗണ്‍സില്‍ മത്സര ഫലങ്ങള്‍ ഇനി പുറത്തുവരാനുണ്ട്. ഈ സീറ്റുകളിലെ വോട്ടെണ്ണുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. പരിക്കേറ്റ 12 ഓളം എസ്.എഫ്.ഐ-കെ.എസ്.യു പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി. സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത പൊലീസ് കാവലിലാണ് സർവകലാശാലയും പരിസരവും.
പൊലീസിന്റെ ലാത്തി വീശലിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റതെന്നാണ് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ആരോപണം. പൊലീസിന്റെ ലാത്തിവീശലില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധനേശിന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റതായി നേതാക്കള്‍ പറഞ്ഞു. അതേസമയം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതാണ് തങ്ങളുടെ സംസ്ഥാന ഭാരവാഹികള്‍ക്കുള്‍പ്പെടെ തലക്ക് പരിക്കേറ്റതെന്ന് കെ.എസ്.യു ആരോപിച്ചു. 13 വര്‍ഷത്തിനുശേഷമാണ് വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് കേരള സര്‍വകലാശാലയില്‍ കെ.എസ്.യു ജയിക്കുന്നത്. വിജയാഹ്ലാദത്തില്‍ മുദ്രാവാക്യം വിളിക്കുമ്ബോള്‍ എസ്.എഫ്.ഐ ആക്രമിച്ചെന്നാണ് കെഎസ്.യു ആരോപണം. കഴിഞ്ഞ യൂനിയൻ-സെനറ്റ് തെരഞ്ഞെടുപ്പിലും സംഘര്‍ഷമുണ്ടായിരുന്നു.
ഇതിനെ തുടർന്ന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത് വൈസ് ചാൻസലർ തടയുകയായിരുന്നു. അതിനാല്‍ 2023-24 വർഷത്തെ വിദ്യാർഥി യൂനിയന് അധികാരമേല്‍ക്കാൻ സാധിച്ചിരുന്നില്ല.