തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഘോഷയാത്രയുടെ ഭാഗമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ റണ്‍വേ ഏപ്രില്‍ 11ന് അടച്ചിടും.
വൈകിട്ട് 4.45 മുതല്‍ രാത്രി ഒമ്ബത് മണിവരെയാണ് അടച്ചിടുക. ഈ സമയത്തുള്ള ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകള്‍ പുനഃക്രമീകരിച്ചിട്ടുണ്ട്. പുതുക്കിയ സമയക്രമം അതത് എയർലൈനുകളില്‍ നിന്ന് ലഭ്യമാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
ഏപ്രില്‍ 11ന് ശ്രീപത്മനാഭനും ഭക്തർക്കും യാത്രക്കായി തുറന്നുകൊടുക്കുകയും ചെയ്യും. പടിഞ്ഞാറെ നടയില്‍ നിന്ന് വൈകിട്ട് പുറപ്പെടുന്ന എഴുന്നള്ളത്ത് സൂര്യാസ്‌തമയന സമയത്ത് ശംഖുമുഖത്തെത്തും. ചന്ദ്രോദയത്തിലാണ് ആറാട്ട്. 1932ലാണ് അന്നത്തെ തിരുവിതാംകൂർ രാജാവായിരുന്ന ചിത്തിര തിരുനാളിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം വിമാനത്താവളം ശംഖുമുഖത്തിന് സമീപത്തായി രൂപം കൊണ്ടത്. അതിനുമുൻപ് തന്നെ ശ്രീപത്മനാഭന്റെ ആറാട്ട് എഴുന്നള്ളത്തിനായി നിശ്ചിത യാത്രാമാർഗമുണ്ടായിരുന്നു. ആ പാതയുണ്ടായിരുന്നയിടത്താണ് പിന്നീട് വിമാനത്താവളം ഉണ്ടായത്.
ശ്രീപത്മനാഭന്റെ ആറാട്ടിന് ഈ പാത തന്നെ ഉണ്ടായിരിക്കണമെന്ന് രാജാവ് ആവശ്യപ്പെട്ടിരുന്നു. അന്നത്തെ കേന്ദ്രസർക്കാരുമായി ഇക്കാര്യത്തില്‍ കരാർ ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇതാണ് ഇന്നും പിന്തുടരുന്നത്. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വർഷത്തില്‍ രണ്ട് ഉത്സവം പതിവുണ്ട്. മീനത്തില്‍ പൈങ്കുനി ഉത്സവവും തുലാത്തില്‍ അല്‍പശി ഉത്സവവുമാണ് നടക്കുന്നത്. രണ്ട് ഉത്സവങ്ങള്‍ക്കും ശംഖുമുഖം കടലിലാണ് ആറാട്ട് നടക്കുന്നത്. ഇതിനായി ശ്രീപത്മനാഭ സ്വാമിയെ സ്വർണഗരുഡ വാഹനത്തിലും തെക്കേടം നരസിംഹമൂർത്തിയെയും തിരുവമ്ബാടി ശ്രീകൃഷ്ണസ്വാമിയെയും വെള്ളിഗരുഡ വാഹനത്തിലും എഴുന്നള്ളിക്കും. വള്ളക്കടവില്‍ നിന്ന് വിമാനത്താവളത്തിന്റെ ഉള്ളിലേയ്ക്ക് കടക്കുന്ന എഴുന്നള്ളത്ത് ശംഖുമുഖം ദേവീക്ഷേത്രത്തിന് സമീപത്തെ പാർക്കിലൂടെയാണ് പുറത്തേക്കിറങ്ങുന്നത്. കോട്ടയ്ക്കകം പടിഞ്ഞാറെ നടയില്‍ നിന്ന് പുറപ്പെടുന്ന ആറാട്ട് ഘോഷയാത്ര കാണാനും അനുഗമിക്കാനും ആയിരക്കണക്കിന് ഭക്തരാണ് എത്തുക.