പാലക്കാട്: വിദ്യാർഥികളുടെ യാത്ര നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്.
വിദ്യാർഥികളുടെ മിനിമം യാത്ര നിരക്ക് അഞ്ച് രൂപയാക്കണമെന്ന ആവശ്യമുന്നയിച്ചാണ് ബസ് ഉടമകള്‍ പ്രതിഷേധത്തിലേക്ക് നീങ്ങുന്നത്.
ബസ് ഉടമകളുടെ ആവശ്യം പരിഗണിക്കപ്പെടാനായി ഏപ്രില്‍ മൂന്ന് മുതല്‍ ഒമ്ബത് വരെ ബസ് സംരക്ഷണജാഥ കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് നടത്താനാണ് തീരുമാനം.
ഇത് ഫലം കണ്ടില്ലെങ്കില്‍ പണിമുടക്കിലേക്ക് കടക്കാനാണ് ബസ് ഉടമകളുടെ തീരുമാനം. പുതിയ അധ്യയന വർഷത്തില്‍ പുതിയ നിരക്ക് നടപ്പിലായില്ലെങ്കില്‍ സമരത്തിലേക്ക് നീങ്ങുമെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു.
കഴിഞ്ഞ പതിമൂന്ന് വർഷമായി വിദ്യാർത്ഥികളുടെ മിനിമം യാത്രാ നിരക്ക് ഒരു രൂപയാണ്. സ്വകാര്യ ബസ് യാത്രക്കാരിലധികവും വിദ്യാർത്ഥികളായിരിക്കെ ഇതുമായി മുന്നോട്ട് പോകാനാകില്ലെന്നാണ് ബസുടമകളുടെ തീരുമാനം. സ്വകാര്യ ബസ് ഉടമകളുടെ പ്രശ്നങ്ങളെ കുറിച്ച് പഠിച്ച വിവിധ കമ്മിഷനുകള്‍ മിനിമം ചാർജുമായി ബന്ധപ്പെട്ട ശുപാർഷകള്‍ മുന്നോട്ട് വെച്ചിങ്കിലും സർക്കാർ ഇത് പരിഗണിച്ചില്ലെന്നാണ് ഉടമകളുടെ പരാതി.