ആലപ്പുഴ: കലക്ടറേറ്റില്‍ ജാതിവിവേചനം നേരിട്ടെന്ന പരാതിയില്‍ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു. കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ ചൗക്കിദാറായി ജോലി ചെയ്യുന്ന പട്ടികജാതി വിഭാഗത്തില്‍പെട്ട രണ്ട് ജീവനക്കാർക്കായി പ്രത്യേക ഹാജർ പുസ്തകം ഏർപ്പെടുത്തിയെന്നാണ് പരാതി.
ആലപ്പുഴ ഡിവൈ.എസ്.പി എം.ആർ. മധുബാബു പരാതിക്കാരന്‍റെ മൊഴിയെടുത്തു. ഇതിന്‍റെ തുടർച്ചയായി, കൂടെ ജാതിവിവേചനം നേരിട്ടയാളുടെയും കലക്ടറേറ്റിലെ മറ്റ് ജീവനക്കാരുടെയും മൊഴിയെടുക്കും. അടുത്ത ദിവസങ്ങളിലായി മൊഴി രേഖപ്പെടുത്താനാണ് പൊലീസിന്‍റെ നീക്കം.
ഇതേ വിഷയത്തില്‍ മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും ലാൻഡ് റവന്യൂ കമീഷനും നല്‍കിയ പരാതിയിലും അന്വേഷണം പുരോഗമിക്കുകയാണ്. ഇതിലെ അന്വേഷണ ഉദ്യോഗസ്ഥൻ എൻ.എച്ച് (എല്‍.എ) സ്പെഷല്‍ ഡെപ്യൂട്ടി കലക്ടർ ഡി.സി. ദിലീപ്കുമാർ പരാതിക്കാരിയുടെയും ജീവനക്കാരന്‍റെയും മൊഴിയെടുത്തിരുന്നു. തുടർഘട്ടമായി ജീവനക്കാരുടെയും മൊഴിയെടുക്കുകയാണ്.
കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ ചൗക്കിദാറായി ജോലി ചെയ്യുന്ന പട്ടികജാതി വിഭാഗത്തില്‍പെട്ട രണ്ട് ജീവനക്കാർക്കായി പ്രത്യേക ഹാജർ പുസ്തകം ഏർപ്പെടുത്തിയെന്നാണ് പരാതി. ഈ വിഷയത്തില്‍ കേരള സംസ്ഥാന പട്ടികജാതി-പട്ടിക വർഗ ഗോത്ര കമീഷനും ഇടപെട്ടിരുന്നു.