വീയപുരം വിളവെടുപ്പ് പൂർത്തീകരിച്ച് 4 ദിവസം പിന്നിടുമ്പോഴഴും വിയപുരത്ത് നെല്ല് സംഭരണം ആരംഭിക്കാതെ അനന്തമായി നീളുന്നു. വിതയിറക്കി 130 ദിവസം പൂർത്തീകരിച്ച് വിളവെടുപ്പ് നടത്തിയ വീയപുരം കൃഷിഭവൻ പരിധിയിലെ 365 ഏക്കർ വിസ്തീർണ്ണമുള്ള മുണ്ടുതോട് പോളത്തുരുത്ത് പാടശേഖരത്തിലാണ് നെല്ല് സംഭരണം ആരംഭിക്കാതെ കിടക്കുന്നത്. മൂന്നു മില്ലുകൾക്കാണ് സംഭരണ ചുമതലയെന്ന് പാടശേഖര ഭാരവാഹികൾ പറഞ്ഞു.
വിളവെടുപ്പ് പൂർത്തീകരിച്ചു കഴിഞ്ഞെന്നിരിക്കെ നെല്ലിൻ്റെ നിലവാര പരിശോധനയ്ക്ക് പോലും ആരും എത്തിയില്ലന്ന് കർഷകർ പറയുന്നു. ലോഡ് കണക്കിന് നെല്ലാണ് പാടശേഖരത്തിൻ്റ വിവിധ കോണുകളിലായി കെട്ടിക്കിടക്കുന്നത്. കളങ്ങളിൽ കൂട്ടിയിട്ടിരിക്കുന്ന നെല്ല് നിറയ്ക്കാനുള്ള ചാക്കുകൾ പോലും ഏജൻസികൾ വിതരണം ചെയ്യുന്നില്ല.
ഉച്ച കഴിയുന്നതോടെ മഴക്കാറു മൂടുമ്പോൾ കർഷകർ ആശങ്കപ്പെടുകയാണ്. മഴ പെയ്താൽ കർഷകർ കെണിയിൽപ്പെടും. കർഷകരുടേതല്ലാത്ത കാരണത്താൽ മില്ലുടമകൾക്ക് കിഴിവ് നൽകേണ്ടിയും വരുമെന്നും കർഷകർ ആശങ്കപ്പെടുന്നണ്ട്. വിളവെടുപ്പിന് മുമ്പ് കൊയ്ത്തു യന്ത്രങ്ങളുടെ ക്ഷമത, നെല്ലിൻ്റെ ഗുണനിലവാരം, സംഭരണത്തിലെ തടസ്സങ്ങൾ എന്നിവ പരിശോധിക്കുന്നതിനും തുടർ നടപടിക്കുമായി ജില്ലാതലത്തിലും ബ്ലോക്കുതലത്തിലുമായി റാപ്പിഡ് റസ്പോൺസ് ടീമിനെ ചുമതലപ്പെടുത്തിയെങ്കിലും നടപടികളില്ല. അടിയന്തിരമായി നെല്ലു സംഭരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് പാടശേഖര സമിതിയും കർഷകരും ആവശ്യപ്പെടുന്നു.