മയക്കുമരുന്ന് വില്‍പ്പനക്കാര്‍ക്ക് മുന്നറിയിപ്പുമായി കണ്ണൂരില്‍ ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചു

alternatetext

ചാല : ഈ നാട്ടില്‍ നിരോധിത ലഹരി വില്‍പനയും ഉപയോഗവും കർശനമായി നിരോധിച്ചുവെന്ന മുന്നറിയിപ്പുമായി നാട്ടുകാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച ജാഗ്രതാ സമിതി രംഗത്ത്.ലഹരി വില്‍ക്കുന്നവർക്കും ഉപയോഗിക്കുന്നവർക്കും മുന്നറിയിപ്പുമായി ചാല എസ്.ഐ റോഡില്‍ നാട്ടുകാർ ഫ്ളക്സ് ബോർഡ് സ്ഥാപിച്ചു.

ലഹരി ഉപയോഗിച്ചാലും വിറ്റാലും കൈയ്യോടെ പിടികൂടി തല്ലുമെന്നാണ് മുന്നറിയിപ്പ്. ഇതു ചോദിക്കാൻ വരുന്നവർക്കും തല്ലു കിട്ടുമെന്ന ഭീഷണിയുണ്ട്. കഞ്ചാവ്, എം.ഡി.എം.എ തുടങ്ങിയ ലഹരി വസ്തുക്കള്‍ വില്‍ക്കുന്നവരെ കൈയ്യും കാലും കെട്ടി പട്ടിയെ തല്ലും പോലെ തല്ലുമെന്നാണ് ലഹരി മാഫിയക്കെതിരെയുള്ള മുന്നറിയിപ്പ്.

കഴിഞ്ഞ ദിവസം നാറാത്ത് ടി.സി റോഡില്‍ വാടകവീട് കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന് വില്‍പന നടത്തിയ രണ്ടു യുവാക്കളെ നാട്ടുകാർ തല്ലിച്ചതച്ച്‌ എക്സൈസിനെ ഏല്‍പ്പിച്ചിരുന്നു. ഇതിനു ശേഷമാണ് കണ്ണൂർ ജില്ലയുടെ പലയിടങ്ങളിലും നാട്ടുകാർ ജാഗ്രതാ സമിതി രൂപീകരിച്ച്‌ പ്രവർത്തനമാരംഭിച്ചത്. പിടികൂടുന്നവർക്ക് ആദ്യം മുന്നറിയിപ്പും പിന്നീട് പൊതിരെ തല്ലുമാണ് ഇവരുടെ രീതി.