ഹരിപ്പാട്. കേരളത്തിലെ യുവജനങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന അക്രമ വാസനകൾക്കും ലഹരി ഉപഭോഗത്തിനുമെതിരെ സ്നേഹസന്ദേശം പ്രചരിപ്പിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ രംഗത്തെ ഏറ്റവും പ്രമുഖ സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി ഏഴാം തീയതി (വെള്ളി ) സ്നേഹത്തോൺ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ലഹരി എന്ന വിപത്തിനെ ചെറുക്കുന്നതിനുള്ള വലിയൊരു തുടർ പ്രവർത്തനത്തിന്റെ ഉൽഘാടമെന്ന നിലയിലാണു സ്നേഹത്തോൺ നടത്തപ്പെടുന്നത്. ഐ എച്ച് ആർ ഡി യുടെ 88 ഓളം വരുന്ന സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ വിവിധ നഗര കേന്ദ്രങ്ങളിൽ രാവിലെ 7.30 ന് ലഹരി വ്യാപനത്തിനെതിരെ റൺവേ ഫ്രം ഡ്രഗ്സ് ( Runaway from Drugs ) എന്ന പേരിലുള്ള കൂട്ടയോട്ടത്തോടെ പരിപാടികൾക്കു തുടക്കമാവും.
സമൂഹത്തിലെ നാനാതുറകളിൽപ്പെട്ട പ്രമുഖർ ഇതിൽ പങ്കാളികളാകും. അതിനുശേഷം, ഐ എച്ച് ആർ ഡി സ്ഥാപനങ്ങളിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്നേഹമതിൽ തീർക്കും തുടർന്നുള്ള സ്നേഹ സംഗമത്തിൽ സാംസ്ക്‌കാരിക നായകരടക്കമുള്ള പ്രമുഖർ വിദ്യാർത്ഥികളുമായി സംവദിയ്ക്കും.
സ്ക്കൂൾ തലം മുതൽ പോലും നമ്മുടെ പെൺകുട്ടികൾ വരെ ലഹരി മാഫിയയുടെ പിടിയിലാകുന്നു എന്ന വസ്തുത ഭീതിജനകമാണ്. ഈഅവസരത്തിലാണു ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെയും വിശിഷ്യ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിൻറെയും ആഹ്വാനപ്രകാരം, കേരള സർക്കാരിൻറെ ഈ രംഗത്തേയ്ക്കുള്ള ഗൗരവകരമായ ഇടപെടലിനു ഐ എച്ച് ആർ ഡി തുടക്കം കുറിയ്ക്കുന്നത്.
സംസ്ഥാനത്തുടനീളം ലഹരിക്കെതിരെ ശക്തമായ അവബോധം സൃഷ്ടിക്കുവാനും, യുവതയെ ക്രിയാത്മക വാസനകളിലേയ്ക്കും. പരസ്‌പര സ്നേഹത്തിലും സഹായത്തിലും ഊന്നിയുള്ള പുതിയൊരു ക്യാമ്പസ് സംസ്ക്കാരത്തിലേയ്ക്കും നയിക്കുന്നതുവഴി സംസ്ഥാനത്തിനാകെത്തന്നെ മാതൃകാപരമായ ഒരു സമീപനമായി ഇതു മാറുകയും, ഉന്നത വിദ്യഭ്യാസ വകുപ്പിലേതടക്കം മറ്റെല്ലാ സ്ഥാപനങ്ങളും വരും ദിനങ്ങളിൽ ഒരു വലിയ തുടർ പ്രവർത്തനമെന്ന നിലയിൽ തന്നെ ഐ എച്ച് ആർ ഡിയുടെ ഈ മാതൃക പിന്തുടരുകയും ചെയ്യുമെന്ന പ്രതീക്ഷയും മന്ത്രി ഡോ. ആർ. ബിന്ദു, തിരുവനന്തപുരത്തു ഇതു സംബന്ധിയായി നടത്തിയ പത്രസമ്മേളനത്തിൽ പ്രകടിപ്പിയ്ക്കുകയുണ്ടായി.
സംസ്ഥാന തലത്തിൽ ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു ഐ എച്ച് ആർ ഡി ഡയറക്‌ടർ ഡോ വി എ അരുൺ കുമാർ എന്നിവർ നേതൃത്വം നൽകുന്ന സ്നേഹത്തോണിൽ, ആലപ്പുഴ ജില്ലയിലെ നിന്ന് ആറ് സ്ഥാപനങ്ങൾ പങ്കെടുക്കുന്നു. ടെക്നിക്കൽ ഹയർ സെക്കൻഡറി സ്‌കൂൾ ചേർത്തല, കോളേജ് ഓഫ് എൻജിനീയറിങ് ചേർത്തല, കോളേജ് ഓഫ് എൻജിനീയറിങ് ചെങ്ങന്നൂർ, കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കാർത്തികപ്പള്ളി, കോളേജ് ഓഫ് അപ്ലൈഡ് സയൻസ് മാവേലിക്കര. കോളേജ് ഓഫ് അപ്ലൈഡ് സയൻസ് പെരിശേരി
എന്നീ ഐ എച്ച് ആർ ഡി സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഇതിൻറെ ഭാഗമാകും.
ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ സാമൂഹിക സാംസ്‌കാരിക കായിക രംഗത്തെ പ്രഗൽഭരും വിവിധ എൻ ജി ഓ യും പങ്ക് ചേർന്നുകൊണ്ട് മയക്ക്‌മരുന്നിനെതിരായി അണിചേരുന്നു. ഈ കൂട്ടയോട്ടത്തിൽ എല്ലാ നാട്ടുകാരുടെയും അഭ്യുദയകാംക്ഷികളുടെയും യുവജന സാംസ്‌കാരിക സംഘടനകളുടെയും സാമൂഹ്യപ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന എല്ലാ സുമനസ്സുകളുടെയും സഹായ സഹകരണങ്ങൾ ഐ എച്ച് ആർ ഡി അഭ്യർത്ഥിക്കുകയാണ്.
ഇതിനെ തുടർന്നുള്ള ലഹരിവിരുദ്ധ ബോധവൽക്കരണ അവബോധം പ്രവർത്തനങ്ങൾ തുടർന്നും ഐ എച്ച് ആർ ഡി യുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ആകെ വിപ്ലവകരമായിട്ടുള്ള മാറ്റങ്ങൾക്ക് നാന്ദി കുറിക്കുമെന്നും പറഞ്ഞു.
പത്രസമ്മേളനത്തിൽ കോളേജ് ഓഫ് എൻജിനീയറിങ് ചേർത്തല പ്രിൻസിപ്പൽ ഡോ ജയ വി എൽ, കോളേജ് ഓഫ് അപ്ലൈഡ് സയൻസ് പ്രിൻസിപ്പൽമാരായ ഡോ ഷാജി എൽ, ഡോ ശ്രീകുമാർ വി,
എൻ എസ് എസ് സ്റ്റേറ്റ് പ്രോഗ്രാം കോഡിന്നേറ്റർ റെജിമോൻ ബി ആർ എന്നിവർ പങ്കെടുത്തു.