കേരള തീരത്തെ കടല്‍ മണല്‍ഖനനം സമുദ്ര ആവാസ വ്യവസ്ഥ തകർക്കുമെന്ന് പഠനം. സമുദ്ര പരിസ്ഥിതി, ജൈവവൈവിധ്യം, തീരദേശ ഉപജീവനമാർഗം എന്നിവയില്‍ കടല്‍ മണല്‍ ഖനനം സൃഷ്ടിക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് കേരള സർവകലാശാല അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പിലെ മറൈൻ മോണിറ്ററിങ് ലാബ് (എം.എം.എല്‍) ആണ് പഠനം നടത്തിയത്.
ജലത്തിനടിയിലുള്ള ജൈവവൈവിധ്യ പഠനത്തില്‍ കൊല്ലം തീരപ്രദേശത്തെ 40 മീറ്റർ ആഴം വരെയുള്ള സമുദ്രഭാഗം പാറപ്പാരുകളാല്‍ സമ്ബന്നമാണെന്നും വംശനാശഭീഷണി നേരിടുന്ന പവിഴ ജീവികളുടെ വലിയ സാന്നിധ്യം പ്രദേശത്ത് ലഭ്യമാണെന്നും കണ്ടെത്തി. കേരളത്തില്‍ സ്ഥിരീകരിച്ചിട്ടുള്ള മൃദുവായ പവിഴ ഇനങ്ങളുടെ മൂന്നില്‍ രണ്ട് ഭാഗവും കൊല്ലം തീരത്താണ് കാണപ്പെടുന്നത്. ഈ പാറക്കെട്ടുകള്‍ ജൈവവൈവിധ്യ ഹോട്ട്‌സ്‌പോട്ടുകളുമാണ്. വിവിധയിനം മത്സ്യങ്ങള്‍, പവിഴജീവികള്‍, സ്പോഞ്ചുകള്‍, ആല്‍ഗകള്‍ എന്നിവക്ക് തീറ്റയും അഭയകേന്ദ്രവുമായി ഈ മേഖലയിലെ പാറപ്പാരുകള്‍ പ്രവർത്തിക്കുന്നു.
കൊല്ലത്തുനിന്ന് 40-100 മീറ്റർ ആഴം ലക്ഷ്യമാക്കിയുള്ള ഖനന പ്രവർത്തനങ്ങള്‍ പാറപ്പാരുകളുടെ ആവാസവ്യവസ്ഥയെ ദുർബലപ്പെടുത്തും. പാറപ്പാരുകള്‍ സമുദ്ര ജൈവവൈവിധ്യം നിലനിർത്തുകയും മത്സ്യ ഉല്‍പാദനക്ഷമത ഉറപ്പാക്കുകയും ചെയ്യുന്ന ഫീഡർ സംവിധാനമാണ്. ഇവയുടെ നാശം സമുദ്രജീവികള്‍ക്കും അവയെ ആശ്രയിക്കുന്ന മത്സ്യബന്ധന സമൂഹങ്ങള്‍ക്കും പ്രത്യാഘാതങ്ങളുണ്ടാക്കും. ഇതുവഴി സമുദ്ര ആവാസവ്യവസ്ഥയിലെ പ്രാഥമിക ഉല്‍പാദകരായ സസ്യപ്ലവകങ്ങളുടെ ഉല്‍പാദനക്ഷമത, ജന്തുപ്ലവകങ്ങളുടെ അതിജീവനം എന്നിവക്ക് വെല്ലുവിളിയാകുന്നതിനൊപ്പം ഇവയെ ഭക്ഷണമാക്കി ജീവിക്കുന്ന മത്സ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ജലജീവികളെയും ബാധിക്കുമെന്ന് റിപ്പോർട്ടില്‍ പറയുന്നു.