സിനിമയുടെ മാറ്റത്തിനൊപ്പം സഞ്ചരിച്ച്‌ പുതിയ ദൃശ്യാനുഭവം കാഴ്ചവെക്കാൻ പൃഥ്വിരാജിന് കഴിയും:മോഹൻലാൽ

സിനിമയുടെ മാറ്റത്തിനൊപ്പം സഞ്ചരിച്ച്‌ പുതിയ ദൃശ്യാനുഭവം കാഴ്ചവെക്കാൻ പൃഥ്വിരാജിന് കഴിയും:മോഹൻലാൽ
alternatetext

‘പൃഥ്വിരാജ് ക്രൂരനായ സംവിധായകനാണ്. ഞങ്ങളില്‍ നിന്ന് എന്താണോ വേണ്ടത് അതെടുക്കാൻ അദ്ദേഹത്തിന് അറിയാം. അങ്ങനെയാണ് സിനിമ സംവിധാനം ചെയ്യേണ്ടത്. ഒരു സിനിമയില്‍ അഭിനേതാക്കള്‍ നന്നാകാൻ കാരണം സംവിധായകനാണ്. എന്റെ സംവിധായകരെ ഞാൻ വിശ്വസിക്കുന്നു. അഭിനേതാവ് എന്ന നിലയില്‍ പൃഥ്വിയില്‍ എനിക്ക് വലിയ പ്രതീക്ഷയുണ്ട്. അദ്ദേഹം ഇന്ത്യയിലെ മികച്ച സംവിധായകരിലൊരാളാകും.’ -മോഹൻലാല്‍ പറഞ്ഞു..എമ്ബുരാൻ ടീസർ ലോഞ്ചിനിടെ സംവിധായകൻ പൃഥ്വിരാജിനെ പുകഴ്ത്തി മോഹൻലാല്‍.

സിനിമയുടെ മാറ്റത്തിനൊപ്പം സഞ്ചരിച്ച്‌ പുതിയ ദൃശ്യാനുഭവം കാഴ്ചവെക്കാൻ പൃഥ്വിരാജിന് കഴിയുന്നുവെന്ന് മോഹൻലാല്‍ പറഞ്ഞു. അഭിനേതാക്കളില്‍ നിന്ന് എന്താണോ വേണ്ടത് അത് കൃത്യമായി പുറത്തെടുക്കാൻ പൃഥ്വിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. ‘ഒരുപാട് കഷ്ടപ്പാട് സഹിച്ചാണ് ഞങ്ങള്‍ എമ്ബുരാൻ ഷൂട്ട് ചെയ്തത്. പൃഥ്വിരാജിന്റെ 100 ശതമാനം ആ സിനിമയിലുണ്ട്. കാരണം ഞാൻ ആ സിനിമ കണ്ടതാണ്. നിങ്ങള്‍ അത് കാണാൻ പോകുന്നവരാണ്.

സിനിമയുടെ ചിത്രീകരണത്തില്‍ നിർമ്മാതാവ് ആന്റണി പെരുമ്ബാവൂർ ഒരുപാട് വേദന അനുഭവിച്ചിട്ടുണ്ട്. നിർമ്മാതാവിന്റെ വേദന എനിക്കറിയാം.’ ‘മോശം കാലാവസ്ഥ കാരണം ഇന്ന് ഷൂട്ടിങ് ഇല്ല എന്ന് പറയുമ്ബോള്‍ നമുക്കൊന്നും ചെയ്യാനാകില്ല. ഗുജറാത്തിലാണ് അത് സംഭവിച്ചത്. ഒരുപാട് ദിവസം ഞങ്ങള്‍ക്ക് വെറുതേ ഇരിക്കേണ്ടി വന്നു. പക്ഷേ യൂണിറ്റ് ചെറുതായിരുന്നു. പൃഥ്വി അങ്ങനെയാണ് ഷൂട്ട് ചെയ്തത്. മുന്നൂറ് നാനൂറ് പേരൊക്കെയാണ് ഉണ്ടായിരുന്നത്. അതൊരു ചെറിയ യൂണിറ്റായിരുന്നു, ഇതൊരു ചെറിയ സിനിമയുമാണ്.’ -മോഹൻലാല്‍ രസകരമായി പറഞ്ഞു.

‘ഞാൻ എന്റെ സിനിമ ഷൂട്ട് ചെയ്യുമ്ബോഴും യാത്ര ചെയ്യുമ്ബോഴുമെല്ലാം ഒരുപാട് പേർ എന്നോട് ചോദിക്കുന്നത്, ഞങ്ങള്‍ ലൂസിഫർ കണ്ടതാണ്, എപ്പോഴാണ് എമ്ബുരാൻ റിലീസ് ചെയ്യുന്നത് എന്നാണ്. ആ സിനിമയ്ക്ക് ഒരു മാജിക്ക് ഉണ്ട്. ആ മാജിക്ക് സൃഷ്ടിക്കാൻ ഞങ്ങള്‍ക്ക് കഴിഞ്ഞു. നന്ദി മുരളി (മുരളി ഗോപി), നിങ്ങളുടെ പേനയില്‍ നിന്നാണ് അത് പിറന്നത്.’ -മോഹൻലാല്‍ തുടർന്നു. ലൂസിഫറിന്റെ മൂന്നാം ഭാഗത്തിന്റെ പേര് തനിക്കറിയില്ല എന്ന് മോഹൻലാല്‍ പറഞ്ഞപ്പോള്‍ പൃഥ്വിരാജ് ഇടയ്ക്ക് കയറി ‘സാറിന് അതറിയാം’ എന്ന് തിരുത്തിയത് സദസ്സില്‍ ചിരിയുണർത്തി. എന്നാല്‍ ഇപ്പോള്‍ പേര് പറയാൻ കഴിയില്ലെന്ന് പൃഥ്വിരാജ് വ്യക്തമാക്കി.

എമ്ബുരാൻ എന്നാല്‍ ദൈവത്തിന്റെ കുറച്ച്‌ താഴെ നില്‍ക്കുന്നയാള്‍ എന്നാണ്. ഇനി മൂന്നാമത്തെ ഭാഗത്തിന് അദ്ദേഹം എന്താണ് പേരിടുന്നത് എനിക്കറിയില്ല. ദൈവത്തിന്റെ കയ്യൊപ്പുള്ള സിനിമയായി ഈ മൂന്ന് സിനിമയും മാറട്ടെ എന്ന് പ്രാർഥിക്കുന്നു.’ എന്ന് പറഞ്ഞപ്പോഴാണ് പൃഥ്വിരാജ് ഇടപെട്ടത്. പിന്നാലെ മൂന്നാം ഭാഗത്തിന്റെ പേര് പറയാമോ എന്ന് അവതാരകൻ അഭ്യർഥിച്ചെങ്കിലും അതിന് സാധിക്കില്ല എന്ന് പൃഥ്വിരാജ് പറഞ്ഞു