വയനാട് കളക്ടറുടെ പേരില്‍ വ്യാജന്മാര്‍; വാട്സാപ്പിലൂടെ പണം ആവശ്യപ്പെട്ടു

വയനാട് കളക്ടറുടെ പേരില്‍ വ്യാജന്മാര്‍; വാട്സാപ്പിലൂടെ പണം ആവശ്യപ്പെട്ടു
alternatetext

കല്‍പ്പറ്റ: വയനാട് ജില്ലാ കളക്ടറുടെ പേരിലടക്കം പണം ആവശ്യപ്പെട്ട്‌ തട്ടിപ്പു നടത്തി വ്യാജന്മാർ. കളക്ടർ ഡി.ആർ മേഘശ്രീയുടെ ഫോട്ടോ ഡിപി ആക്കിയാണ് വാട്സാപ്പിലൂടെ വ്യാജന്മാർ പലരോടും പണം ചോദിച്ചത്. ഇത് ശ്രദ്ധയില്‍ പെട്ട കളക്ടർ സൈബർ പോലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തുള്ള നമ്ബർ എന്നാണ് പോലീസിന് കിട്ടിയ സൂചന.

വ്യാജന്മാർക്ക് പൂട്ടിടാൻ കളക്ടർ നേരിട്ട് ഫേസ്ബുക്കില്‍ ജാഗ്രത കുറിപ്പിട്ടു. കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് വ്യാജന്മാരെ സൂക്ഷിക്കണേ! എന്റെ പ്രൊഫൈല്‍ ഫോട്ടോ ഡി പി ആക്കിയ ഒരു വ്യാജ വാട്സാപ്പ്‌ അക്കൗണ്ടില്‍ നിന്ന് പണം ആവശ്യപ്പെട്ട്‌ പലരെയും ബന്ധപ്പെടുന്നത്‌ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌. ഇത്തരം തട്ടിപ്പുകളില്‍ വീഴാതിരിക്കുക. സൈബർ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്‌.

അന്വേഷിച്ച്‌ കർശന നടപടി കൈക്കൊള്ളും. വ്യാജമായി സൃഷ്ടിച്ച ഇത്തരം പ്രൊഫൈലുകള്‍ പലർക്കും ശല്യമാകുന്നുണ്ട്‌. നിങ്ങള്‍ ഇത്തരം ഒരു തട്ടിപ്പിന്‌ ഇരയായാല്‍, ഉടനെ സൈബർ പൊലീസില്‍ പരാതി നല്‍കുക. നിയമ നടപടികളിലൂടെ മാത്രമേ ഇത്തരം ദുഷ്പ്രവണതയ്ക്ക്‌ അറുതി വരുത്താൻ കഴിയൂ. ജാഗ്രതയോടെ സമൂഹ മാധ്യമങ്ങളില്‍ ഇടപെടുകയും, സുരക്ഷിതരായിരിക്കുകയും ചെയ്യുക.