ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ തമിഴ്നാട് രഹസ്യ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഒരുങ്ങിയത് തടഞ്ഞ് വനം വകുപ്പ്. മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് അറ്റകുറ്റപ്പണികൾക്കെന്ന പേരിൽ തമിഴ്നാട് എത്തിച്ച സാധനങ്ങൾ വള്ളക്കടവ് ചെക്ക്പോസ്റ്റിൽ വനംവകുപ്പ് തടഞ്ഞു. സർക്കാരിന്റെയോ, വനംവകുപ്പിന്റെയോ അനുമതിയില്ലാതെ അണക്കെട്ടിലെ അറ്റകുറ്റപ്പണികൾക്ക് എന്ന പേരിൽ രണ്ടു ലോറികളിൽ തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് കൊണ്ടുവന്ന പാറമണലാണ് തടഞ്ഞിട്ടത്.
പെരിയാർ കടുവ സങ്കേതത്തിലൂടെയാണ് സാധനങ്ങൾ കൊണ്ടു പോകേണ്ടത്. ഇതിനായി കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടറുടെയും അനുമതിയും, സംസ്ഥാന ജലവിഭവ വകുപ്പിന്റെ ശുപാർശയും വേണം. സാധനങ്ങൾ ചെക്കു പോസ്റ്റിൽ തടഞ്ഞതിനു ശേഷമാണ് തമിഴ്നാട് അനുമതിക്കായി അപേക്ഷിച്ചത്. കൂടാതെ തമിഴ്നാട് നടത്തുന്ന അറ്റകുറ്റപ്പണികൾ ഏതെല്ലാമാണെന്നും വ്യക്തമാക്കാൻ തമിഴ്നാട് ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല. അതുകൊണ്ട് ജലവിഭവ വകുപ്പ് ശുപാർശക്ക് അനുമതി നൽകിയിട്ടില്ല.