വയനാട് ഉരുള്‍പൊട്ടലില്‍ അടിയന്തരമായി ധനസഹായം അനുവദിക്കണം; അമിത് ഷായെ കണ്ട് പ്രിയങ്ക

വയനാട് ഉരുള്‍പൊട്ടലില്‍ അടിയന്തരമായി ധനസഹായം അനുവദിക്കണം; അമിത് ഷായെ കണ്ട് പ്രിയങ്ക
alternatetext

ന്യൂഡല്‍ഹി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് അടിയന്തരമായി ധനസഹായം അനുവദിക്കണമെന്ന് പ്രിയങ്ക ഗാന്ധി എം പി. ഇക്കാര്യം ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. കേരളത്തില്‍ നിന്നുള്ള എം പിമാരോടൊപ്പമായിരുന്നു പ്രിയങ്ക ഗാന്ധി അമിത് ഷായെ കണ്ട് ആവശ്യങ്ങള്‍ ഉന്നയിച്ചത്. ദുരന്തബാധിതര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും വീടും അടക്കമുള്ളവ അടിയന്തരമായി നിര്‍മ്മിച്ചു നല്‍കണം എന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി.

ദുരിതാശ്വാസ, പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ എത്രയും പെട്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ധനസഹായം അനുവദിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. വയനാട്ടിലെ ദുരന്തബാധിതര്‍ സര്‍വ്വതും നഷ്ടപ്പെട്ടവരാണ്. കുടുംബത്തിലെ എല്ലാ അംഗങ്ങളെയും നഷ്ടപ്പെട്ട നിരവധി പേരാണ് ഉള്ളത്.

കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ചെറിയ കുട്ടികള്‍ക്ക് യാതൊരു സഹായ പരിരക്ഷയുമില്ല എന്നും പ്രിയങ്ക പറഞ്ഞു. ഇത്തരം സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്യാതിരിക്കുന്നത് രാജ്യത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നത് എന്നും പ്രധാനമന്ത്രി വന്നതിനാല്‍ തങ്ങള്‍ക്ക് ധനസഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അവരുള്ളത് എന്നും പ്രിയങ്ക പിന്നീട മാധ്യമങ്ങളോട് പറഞ്ഞു.

ദുരന്തം നടന്ന് നാലു മാസം പിന്നിട്ടിട്ടും ഇതുവരെ ഇരകള്‍ക്ക് നഷ്ടപരിഹാരം അനുവദിച്ചിട്ടില്ല എന്നും പ്രിയങ്ക വ്യക്തമാക്കി. ഇക്കാര്യങ്ങളെല്ലാം ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട് എന്നും ദുരന്തബാധിതര്‍ കടന്നു പോകുന്ന ദുരിതങ്ങളും ബുദ്ധിമുട്ടുകളും കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കണം എന്നും അവര്‍ ആവശ്യപ്പെട്ടു.

രാഷ്ട്രീയത്തിന് അതീതമായി ഇതിനെ കൈകാര്യം ചെയ്യണം. അവര്‍ അനുഭവിക്കുന്ന ദുരിതം അളക്കാനാവാത്തതാണ്. കേന്ദ്രസര്‍ക്കാര്‍ ഇത് പ്രാധാന്യത്തോടെ കണക്കിലെടുക്കണം എന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. പ്രകൃതിദുരന്തം ഒരു കേന്ദ്രീകൃത പ്രദേശത്താണെങ്കിലും, അതിന്റെ ഫലം വളരെ വലുതാണ്. പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നിവേദനം നല്‍കിയിട്ടുണ്ട് എന്നും പ്രിയങ്ക പറഞ്ഞു.

ഇക്കഴിഞ്ഞ ജൂലായ് 30-നായിരുന്നു ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ ഉരുള്‍പൊട്ടല്‍ വയനാട്ടില്‍ സംഭവിച്ചത്. ഉരുള്‍പൊട്ടലില്‍ പുഞ്ചിരിമറ്റം, ചൂരല്‍മല, മുണ്ടക്കൈ എന്നീ മൂന്ന് ഗ്രാമങ്ങളും വയനാട്ടിലെ അട്ടമലയുടെ ഭാഗങ്ങളും തകര്‍ത്തു.