ശബരിമല ; എരുമേലിയില്‍ പാര്‍ക്കിംഗ് സംവിധാനത്തിന്റെ ഉദ്ഘാടനം ഇന്ന്

ശബരിമല ; എരുമേലിയില്‍ പാര്‍ക്കിംഗ് സംവിധാനത്തിന്റെ ഉദ്ഘാടനം ഇന്ന്
alternatetext

പത്തനംതിട്ട : ഭവന നിർമ്മാണ ബോർഡിൻറെ എരുമേലി ഡിവോഷണല്‍ ഹബ്ബ് വാഹന പാർക്കിംഗ് സംവിധാനം എരുമേലി ചെറിയമ്ബലത്തിന് സമീപത്തുള്ള പദ്ധതി പ്രദേശത്ത് ഇന്ന് (നവംബർ 13) ന് വൈകുന്നേരം 5 മണിക്ക് റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും.

ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ആന്റോ ആന്റണി എംപിയും സെബാസ്റ്റ്യൻ കുളത്തുങ്കല്‍ എം.എല്‍.എയും മുഖ്യാതിഥികളാവും. ഭവന നിർമ്മാണ ബോർഡ് ചെയർമാൻ ടി.വി. ബാലൻ, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സുജി സണ്ണി എന്നിവർ പങ്കെടുക്കും.

ശബരിമല തീർത്ഥാടകർക്കായി എരുമേലിയില്‍ ചെറിയമ്ബലത്തിന് സമീപത്തായുള്ള ഭവന നിർമാണ ബോർഡിന്റെ സ്ഥലത്താണ് വാഹന പാർക്കിന് സംവിധാനം. എരുമേലിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡിവോഷണല്‍ ഹബ് സജ്ജീകരിക്കുന്നതിനുള്ള ആദ്യഘട്ടമായാണ് മിതമായ നിരക്കിലുള്ള പാർക്കിംഗ് സംവിധാനം.

മൂന്ന് ഘട്ടങ്ങളായി നടപ്പിലാക്കാക്കുവാൻ ഉദ്ദേശിക്കുന്ന എരുമേലി ഡിവോഷണല്‍ ഹബ്ബിന്റെ രണ്ടാം ഘട്ടത്തില്‍ ഭക്ഷണശാല, റിഫ്രഷ്‌മെന്റ് സെന്റർ കഫെറ്റീരിയ എന്നിവയും, മൂന്നാം ഘട്ടത്തില്‍ ഗസ്റ്റ് ഹൗസ്, ഡോർമെറ്ററി സൗകര്യങ്ങള്‍ എന്നിവയും സജ്ജീകരിക്കുമെന്ന് ഭവന നിർമാണ ബോർഡ് പത്രക്കുറിപ്പില്‍ അറിയിച്ചു.