ചരിത്ര പ്രസിദ്ധമായ വൈക്കത്ത് അഷ്ടമിക്ക് ഇന്ന് ഭക്തിനിര്‍ഭര കൊടിയേറ്റ്. വൃശ്ചികമാസ കൃഷ്ണപക്ഷത്തിലെ അഷ്ടമിയാണ് വൈക്കത്ത് അഷ്ടമി എന്ന് അറിയപ്പെടുന്നത്. ഇന്ന് രാവിലെ 8നും 8.45നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍ തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണന് നമ്ബൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവന് നമ്ബൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തിലാണ് അഷ്ടമി ആഘോഷത്തിനു കൊടിയേറുന്നത്.
ശിവഭഗവാന് ശ്രീപരമേശ്വരരൂപത്തില്‍ ജഗദ് ജനനിയായ പാര്‍വ്വതിദേവിയുമൊത്ത് വ്യാഘ്രപാദമഹര്‍ഷിക്ക് അനുഗ്രഹമേകിയ ദിനമാണ് വൈക്കത്ത് അഷ്ടമി എന്നാണ് വിശ്വാസം. ഇതിന്റെ ഓര്‍മ്മയ്ക്കായാണ് വൈക്കത്തഷ്ടമി ആഘോഷിക്കുന്നത്. നൂറ്റെട്ട് ശിവാലയങ്ങളില്‍ ഒന്നായ വൈക്കം ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ ശിവഭഗവാന്റെ പുത്രനാണ് ഉദയനാപുരം ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ സുബ്രമണ്യന്‍.
അതിനാല്‍ പിതൃ-പുത്ര സമാഗമമായി അഷ്ടമിനാളില്‍ ഈ ക്ഷേത്രേശന്മാരുടെ കൂടിയെഴുന്നള്ളത്ത് നടക്കും. ഇതു ദര്‍ശിക്കാന്‍ ഭക്തസഹസ്രങ്ങളാണ് വൈക്കം ക്ഷേത്രത്തിലേക്ക് എത്തിച്ചേരുക. സംസ്കൃത ഗ്രന്ഥങ്ങളായ ആയ ഭാര്‍ഗ്ഗവ പുരാണവും സനല്‍കുമാര സംഹിതയും അനുസരിച്ച് വൈക്കം വ്യാഘ്ര ഗേഹം അഥവാ വ്യാഘ്രപുരം എന്നാണ് അറിയപ്പെട്ടിരുന്നത്. വ്യാഘ്രപാദ മഹര്‍ഷിക്കു ശിവ ദര്‍ശനം കിട്ടിയത് ഇവിടെ വച്ചായതിനാലാണത്രേ ഈ പേരുന്നത്.
വ്യാഘ്രപാദപുരം പില്ക്കാല തമിഴ് സ്വാധീനത്തില്‍ ‘വൈക്കം’ എന്നു മാറിയതാണെന്നാണ് ഒരു വിഭാഗം പണ്ഡിതര്‍ പറയുന്നു. വൈക്കത്തഷ്ടമിക്കു മുന്നോടിയായി പ്രദേശത്തെ ബ്രാഹ്മണ സമുദായങ്ങള്‍ വൈക്കത്തപ്പന് സമര്‍പ്പിക്കുന്ന ഏറ്റവും ശ്രേഷ്ഠമായ വഴിപാട് ആണ് സമൂഹ സന്ധ്യാവേല. വെള്ളി വിളക്കുകളിലെ നെയ്ത്തിരി ദീപപ്രഭയില്‍ നെറ്റിപ്പട്ടം ചാര്‍ത്തിയ ഗജവീരന്മാര് കൊടിയേറ്റിന് സാക്ഷിയാകും.
സുഗന്ധധൂപങ്ങളും വേദമന്ത്രജപവും പഞ്ചാക്ഷരി ജപവും ഭക്തരെ ആനന്ദനിര്‍വൃതിയില്‍ ആറാടിക്കും. കൊടിയേറ്റിന് ശേഷമാണ് കൊടിമരച്ചുവട്ടിലെ കെടാവിളക്കിലും കലാമണ്ഡപത്തിലും ദീപം തെളിയുക. കൊടിയേറിയ ശേഷമുള്ള ആദ്യ ശ്രീബലി കഴിഞ്ഞ് അഹസിനുള്ള അരിയളക്കല്‍ നടക്കും. രാത്രി 9 ന് ആണ് കൊടിപ്പുറത്തു വിളക്ക്.
പിന്നീടങ്ങോട്ട് വൈക്കം ഉത്സവ ലഹരിയില്‍ അമരുന്ന നാളുകളാണ്. ദേര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്കായി നാലു ഗോപുര നടകളും സദാ തുറന്നിരിക്കും. വൈക്കത്തഷ്ടമി ശബരിമല മണ്ഡലക്കാലം കുടിയാണ്. ക്ഷേത്രത്തില്‍ എത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് വിരിവയ്ക്കുന്നതിനും മറ്റു ഭക്തര്‍ക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യവുമുണ്ട്്. മൂന്നാം ഉത്സവ ദിനമായ 14 മുതലാണ് പ്രധാന ശ്രീബലികള്‍ ആരംഭിക്കുക.
അഷ്ടമി നാളില്‍ 121 പറ അരിയുടെ പ്രാതലാണ് ഒരുക്കുന്നത്. ആറാം നാളില്‍ ഉദയനാപുരം ആറാട്ടിന്റെ ഭാഗമായി രാത്രി 11 ന് കൂടിപ്പൂജ, ഏഴാം ദിനത്തില്‍ രാവിലെ 8 നു ശ്രീബലി, രാത്രി 11 ന് ഋഷഭവാഹനം എഴുന്നളളിപ്പ്, എട്ട് – ഒന്‍പത് ദിനങ്ങളില്‍ വടക്കുംചേരിമേല്‍ – തെക്കുംചേരിമേല്‍ എഴുന്നള്ളിപ്പ്, പത്താം നാളില്‍ രാവിലെ 10ന് ശ്രീബലി, രാത്രി 11 ന് വലിയ വിളക്ക്, പതിനൊന്നാം ദിനത്തില്‍ വൈകിട്ട് 6.30 ന് അഷ്ടമി പ്രാതലിന്റെ അരിയളക്കല്‍ വൈക്കത്തഷ്ടമി ദിനത്തില്‍ രാവിലെ 4.30 ന് നടക്കുന്ന അഷ്ടമി ദര്‍ശനം.
11 ന് പ്രാതല്‍, രാത്രി 10 ന് അഷ്ടമി വിളക്ക്, ഉദയനാപുരത്തപ്പന്റെ വരവ്, ദേശദേവതമാരുടെ എഴുന്നെള്ളത്ത്, വലിയ കാണിക്ക സമര്‍പ്പിക്കാന്‍ കറുകയില്‍ കയ്മളുടെ വരവ്, ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ്, വിട പറയല്‍, ദുഃഖ ഖണ്ഠാരത്തില്‍ ഉയരുന്ന നാദസ്വരം, പതിമൂന്നാം ഉത്സവ നാളില്‍ വൈകിട്ട് അഞ്ചിന് നടക്കുന്ന ആറാട്ടെഴുന്നള്ളിപ്പ്, പതിനാലാം നാളിലെ മുക്കുടി നിവേദ്യം എന്നീ ചടങ്ങുകളാണ് വൈക്കത്തഷ്ടമിയില്‍ ഏറെ പ്രധാനം.