ന്യൂഡല്‍ഹി: കേരളത്തിന്‍റെ എയിംസ് ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ജെ.പി. നഡ്ഡ. കേരളത്തിന്‍റെ ആരോഗ്യ മേഖല മികച്ചതായതുകൊണ്ടാണ് മുൻഗണന കിട്ടാതെപോയതെന്നും ആയുഷ് ബ്ലോക്ക് ഉള്‍പ്പെടെയുള്ളവ എയിംസില്‍ ഉണ്ടാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യമറിയിച്ചത്. കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നത് ഇന്‍റഗ്രേറ്റഡ് റിസർച്ചിന് വലിയ രീതിയില്‍ സഹായകമാകുമെന്ന് വീണാ ജോർജ് പറഞ്ഞു.
കേന്ദ്രം പറഞ്ഞ നിബന്ധനകള്‍ക്കനുസരിച്ച് കോഴിക്കോട് കിനാലൂരില്‍ ഭൂമിയുള്‍പ്പെടെ ഏറ്റെടുത്തു നടപടിക്രമങ്ങള്‍ പാലിച്ചിരുന്നു. ഇത്തവണയെങ്കിലും കേരളത്തിന് അർഹമായ എയിംസ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. ദേശീയ ആരോഗ്യ ദൗത്യത്തിന്‍റെ 2023-24ലെ അർഹമായ കേന്ദ്ര വിഹിതം ലഭ്യമാക്കണമെന്ന് വീണാ ജോർജ് ആവശ്യപ്പെട്ടു. ഫീല്‍ഡ് തല പ്രവർത്തനങ്ങള്‍ ഫലപ്രദമായി നടക്കുന്നതിന് ഈ തുക ആവശ്യമാണ്.
നിപ ഉള്‍പ്പെടെയുള്ള പകർച്ചവ്യാധികളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് ഇതുസംബന്ധിച്ച ആവശ്യം മന്ത്രി ഉന്നയിച്ചത്. പദ്ധതി പ്രകാരം ഏറ്റെടുത്ത് നടപ്പിലാക്കിയ പ്രോജക്ടുകള്‍ക്ക് ധനബാധ്യത ഉണ്ടായ കാര്യങ്ങള്‍ പ്രത്യേകമായി പരിശോധിച്ച് നടപടിയെടുക്കാൻ കേന്ദ്രമന്ത്രി നിർദേശം നല്‍കി. ബിപിഎല്‍ വിഭാഗത്തിലുള്ള എല്ലാവരെയും ആരോഗ്യ ഇൻഷ്വറൻസ് പരിഗണനയില്‍ ഉള്‍പ്പെടുത്തുന്നതു പരിഗണിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. ആശാ വർക്കർമാരുടെ വേതനവർധന കേന്ദ്രസർക്കാരിന്‍റെ സജീവ പരിഗണനയിലുള്ള വിഷയമാണെന്നും അറിയിച്ചു.