ഇരിട്ടി: കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റില്‍ വീണ്ടും മയക്കുമരുന്ന് പിടിച്ചെടുത്തു. ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് ഇൻസ്പെക്ടർ അജീബ് ലബ്ബയുടെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടയില്‍ ബെംഗളൂരുവില്‍നിന്ന് കാറില്‍ കടത്തിക്കൊണ്ടുവന്ന 52.25 ഗ്രാം എം.ഡി.എം.എ.യും 12.90 ഗ്രാം കഞ്ചാവുമായി വടകര സ്വദേശികളായ രണ്ട് യുവാക്കള്‍ പിടിയിലായി.
ഒഞ്ചിയം പുതിയോട്ട് അമല്‍രാജ് (32), അഴിയൂർ കുഞ്ഞിപ്പള്ളി അജാസ് (32) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. കാറും കസ്റ്റഡിയിലെടുത്തു. പ്രതികളെ മട്ടന്നൂർ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒരാഴ്ചയ്ക്കിടെ മൂന്നാംതവണയാണ് ചെക്ക് പോസ്റ്റില്‍ മയക്കുമരുന്ന് പിടിക്കുന്നത്.