ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ സിഎംആര്‍എല്ലിന്റെ എട്ട് ഉദ്യോഗസ്ഥര്‍ക്ക് എസ്‌എഫ്‌ഐഒയുടെ സമന്‍സ്. ഈ മാസം 28,29 തീയതികളില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് മാസപ്പടി കേസ് അന്വേഷിക്കുന്ന സീരീയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുള്ളത്.
അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. സിഎംആർഎല്‍ എന്ന സ്വകാര്യ സ്ഥാപനത്തിന് ധാതുമണല്‍ ഖനനത്തിന് വഴിവിട്ട സഹായം നല്‍കിയതിന് പ്രതിഫലമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ കമ്ബനിയായ എക്സാലോജിക്കിന് മാസപ്പടിയായി പണം ലഭിച്ചുവെന്നാണ് ആരോപണം.
സിഎംആര്‍എല്ലിന് വഴിവിട്ട സഹായം നല്‍കാന്‍ മുഖ്യമന്ത്രി ഇടപെട്ടുവെന്ന് മാത്യു കുഴല്‍നാടൻ ആരോപിച്ചിരുന്നു. എക്‌സാലോജിക് കമ്ബനി വലിയ തുകയുടെ സാമ്ബത്തിക ഇടപാടു നടത്തിയ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും എസ്‌എഫ്‌ഐഒ നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.
കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്‌എഫ്‌ഐഒ) അന്വേഷണം നടക്കുന്നതിനിടെ ഇഡിയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എസ്‌എഫ്‌ഐഒ അന്വേഷണം നേരിടുന്നവരെല്ലാം ഇഡി കേസിന്റെയും അന്വേഷണ പരിധിയില്‍ വരുമെന്നാണ് വിവരം.