ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ ഭാരക്കൂടുതല്‍ കാരണം അയോഗ്യയാക്കി;ചതി നടന്നതായി സംശയിച്ച്‌ ബോക്‌സര്‍ വിജേന്ദര്‍ സിങ്

ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ ഭാരക്കൂടുതല്‍ കാരണം അയോഗ്യയാക്കി;ചതി നടന്നതായി സംശയിച്ച്‌ ബോക്‌സര്‍ വിജേന്ദര്‍ സിങ്
alternatetext

ന്യൂഡല്‍ഹി: ഒളിമ്ബിക്‌സ് മെഡലുറപ്പിച്ച്‌ സ്വര്‍ണപ്രതീക്ഷയുമായി ഫൈനലില്‍ ഇറങ്ങേണ്ടിയിരുന്ന ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ ഭാരക്കൂടുതല്‍ കാരണം അയോഗ്യയാക്കിയെന്ന വാര്‍ത്ത ഇന്ത്യക്കാര്‍ക്ക് കടുത്ത നിരാശ സമ്മാനിച്ചിരിക്കുകയാണ്. ഏതാനും ഗ്രാം ഭാരം കൂടിയെന്നാണ് വിനേഷിനെ അയോഗ്യയാക്കാന്‍ കാരണമായി പറയുന്നത്.

ഫൈനലിന് മുന്നോടിയായുള്ള ഭാര പരിശോധനയില്‍ വിനേഷിന് അനുവദനീമായതിന് കൂടുതല്‍ ഭാരമുള്ളതായി കണ്ടെത്തിയെന്ന് ഇന്ത്യന്‍ ഒളിമ്ബിക്‌സ് അസോസിയേഷന്‍ അറിയിക്കുകയായിരുന്നു. വനിതകളുടെ ഗുസ്തി 50 കിലോഗ്രാം ക്ലാസില്‍ നിന്ന് വിനേഷ് ഫോഗട്ടിനെ അയോഗ്യനാക്കിയ വാര്‍ത്ത ഖേദത്തോടെയാണ് ഇന്ത്യന്‍ സംഘം പങ്കുവെക്കുന്നത് ഐഒഎ വ്യക്തമാക്കി. രാത്രി മുഴുവന്‍ ടീം പരമാവധി ശ്രമിച്ചിട്ടും, ഇന്ന് രാവിലെ അവരുടെ ഭാരം കുറച്ച്‌ അല്‍പം അധികമായി. വിനേഷിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് ഇന്ത്യന്‍ ടീം അഭ്യര്‍ത്ഥിക്കുന്നതായും ഐഒഎ അറിയിച്ചു.

ചൊവ്വാഴ്ച രാത്രിയോടെ വിനേഷ് ഫോഗട്ടിന്റെ ഭാരം 1 കിലോ വര്‍ദ്ധിച്ചതായി കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച രാവിലെയോടെ 900 ഗ്രാം കുറഞ്ഞെങ്കിലും 100 ഗ്രാം ഭാരം കുറയ്ക്കാനായില്ലെന്ന് പറയപ്പെടുന്നു. അമിതഭാരത്താല്‍ വിനേഷിനെ പുറത്താക്കിയെന്ന വാര്‍ത്ത അവിശ്വസനീയമാണെന്ന് ഒളിമ്ബിക്സ് മെഡല്‍ ജേതാവ് ബോക്സര്‍ വിജേന്ദര്‍ സിങ് പറഞ്ഞു. ഒരു അത്ലറ്റിന് അമിതഭാരമുണ്ടെങ്കില്‍ അത് അതിവേഗം കുറയ്ക്കാനുള്ള വഴികളുണ്ട്.

വിനേഷിനെ പുറത്താക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധിക്കണമെന്നും അപ്പീല്‍ നല്‍കണമെന്നും വിജേന്ദര്‍ വ്യക്തമാക്കി. അപ്പീല്‍ സാധ്യമാണ്. ഇന്ത്യന്‍ ഒളിമ്ബിക് അസോസിയേഷന്‍ അത് ഏറ്റെടുക്കണം. ഫൈനലില്‍ ഒരു കളിക്കാരനെ ഇത്തരത്തില്‍ അയോഗ്യനാക്കുന്നത് അഭൂതപൂര്‍വമായ കാര്യമാണ്. ബോക്സര്‍മാര്‍ക്ക് ഭാരം കുറയ്ക്കാന്‍ ഒരു മണിക്കൂറില്‍ കൂടുതല്‍ സമയം നല്‍കാറുണ്ട്. ഒരു കായിക താരത്തിന് ഒരു രാത്രികൊണ്ട് 5-6 കിലോഗ്രാം ഭാരം കുറയ്ക്കാന്‍ സാധിക്കും. ഈ രീതിയിലൊരു അയോഗ്യത ഇന്നേവരെ ഉണ്ടായിട്ടില്ല. ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയുണ്ടെന്ന് സംശയമുണ്ടെന്നും വിജേന്ദര്‍ പറഞ്ഞു.

ബിജെപി നേതാവ് ബ്രിജ്ഭൂഷണ്‍ വനിതാ ഗുസ്തി താരങ്ങള്‍ക്കെതിരെ നടത്തിയ ലൈംഗിക പീഡനത്തിനെതിരെ 40 ദിവസത്തോളം ഡല്‍ഹിയില്‍ സമരം നടത്തിയ വ്യക്തികളിലൊരാളാണ് വിനേഷ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ സംഘത്തിന് അകത്തുനിന്നും വിനേഷിന് ചതി നേരിട്ടോയെന്ന് സോഷ്യല്‍ മീഡിയയും സംശയിക്കുന്നു