കെ.എസ്.യു അവകാശപത്രിക മാര്‍ച്ചില്‍ സംഘര്‍ഷം;സംസ്ഥാന അധ്യക്ഷന് പരിക്ക്

കെ.എസ്.യു അവകാശപത്രിക മാര്‍ച്ചില്‍ സംഘര്‍ഷം;സംസ്ഥാന അധ്യക്ഷന് പരിക്ക്
alternatetext

തിരുവനന്തപുരം: കെ.എസ്.യു നിയമസഭയിലേക്ക് നടത്തിയ അവകാശപത്രിക മാർച്ചില്‍ സംഘർഷം. കെ.എസ്.യു പ്രവർത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗത്തില്‍ ഒരു പ്രവർത്തകന്‍റെ കാലിന് പരിക്കേറ്റു.

സംഘർഷത്തില്‍ കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ അടക്കമുള്ള നേതാക്കള്‍ക്കും പരിക്കുണ്ട്. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശിയപ്പോഴാണ് അലോഷ്യസിന് പരിക്കേറ്റത്. സംഘർഷത്തില്‍ സിവില്‍ പൊലീസ് ഓഫീസർ ആദർശിനും പരിക്കേറ്റു.

ഇ-ഗ്രാന്‍റുകളും സ്കോളർഷിപ്പുകളും നല്‍കുന്നതിലെ കാലതാമസം, വേണ്ടത്ര തയാറെടുപ്പില്ലാതെ നാലു വർഷത്തെ ഡിഗ്രി പ്രോഗ്രാം നടപ്പാക്കല്‍, യൂണിവേഴ്സിറ്റി ഫീസ് വർധന, സർക്കാർ കോളജുകളില്‍ സ്ഥിരം പ്രിൻസിപ്പല്‍മാരുടെ അഭാവം അടക്കമുള്ള വിഷയങ്ങളില്‍ പരിഹാരം ആവശ്യപ്പെട്ടാണ് അവകാശപത്രിക മാർച്ച്‌ സംഘടിപ്പിച്ചത്.