ചാലക്കുടി: കോഴിക്കടയുടെ മറവില്‍ വിദേശ മദ്യം വില്‍പ്പനയ്ക്കായി കൈവശം വച്ചയാളെ ചാലക്കുടി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കുറ്റിച്ചിറ കല്ലിങ്ങപ്പുറം രതീഷ്(40)നെയാണ് പിടികൂടിയത്. ഇയാളില്‍ നിന്നും 500 മില്ലിയുടെ 51 കുപ്പി മദ്യവും പിടിച്ചെടുത്തു. ഡ്രൈ ഡേയുടെ ഭാഗമായി കുറ്റിച്ചിറ മേഖലയിലെ പരിശോധനക്കിടിയിലാണ് ഇയാള്‍ പിടിയിലായത്.
പ്രതിയെ കോടതിയില്‍ ഹാജരാക്കി. എക്‌സൈസ് ഇൻസ്‌പെക്ടർ എസ് സമീർ, ഉദ്യോഗസ്ഥരായ സുനില്‍കുമാർ, ഷാജി, പിങ്കി മോഹൻദാസ്, സുരേഷ്, ജെയ്‌സണ്‍, ഷിജു വർഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. അതേസമയം, കണ്ണൂരില്‍ ചാരായക്കേസിലെ പ്രതിയായ സ്ത്രീക്ക് എട്ട് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
പെരുന്തട്ട മാപ്പാടിച്ചാല്‍ സ്വദേശി പുത്തൂക്കാരത്തി യശോദ എന്ന സ്ത്രീയെയാണ് പയ്യന്നൂർ അസിസ്റ്റൻറ് സെഷൻസ് കോടതി ശിക്ഷിച്ചത്. 2015 ഒക്ടോബർ 20നാണ് പയ്യന്നൂർ റെയിഞ്ചിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മധുസൂദനൻ പി വിയും സംഘവും അഞ്ച് ലിറ്റർ ചാരായവുമായി യശോദയെ അറസ്റ്റ് ചെയ്തത്. അസിസ്റ്റൻറ് എക്‌സൈസ് ഇൻസ്പെക്ടർ കെ ഒ മോഹനൻ കേസിൻറെ അന്വേഷണ നടപടികള്‍ പൂർത്തിയാക്കി അന്തിമ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ ഗവ. പബ്ലിക് പ്രോസിക്യൂട്ടർ മധു പി വി ഹാജരായി.