മദ്യനയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം

മദ്യനയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം
alternatetext

ന്യൂഡല്‍ഹി: മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ആം ആദ്മി പാർട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന് ജാമ്യം. ഡല്‍ഹി റോസ് അവന്യു കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവെക്കണം.

അറസ്റ്റിലായി നാളെ മൂന്നു മാസം തികയാനിരിക്കൊണ് ജാമ്യം ലഭിക്കുന്നത്. ജാമ്യം നല്‍കിയ ഉത്തരവ് റദ്ദാക്കണമെന്ന എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇ.ഡി) ആവശ്യം കോടതി തള്ളി. കഴിഞ്ഞ ദിവസം അരവിന്ദ് കെജ്രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ജൂലൈ മൂന്നുവരെ കോടതി നീട്ടിയിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിനായി മേയ് 10ന് സുപ്രീംകോടതി 21 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജാമ്യകാലാവധിക്ക് ശേഷം ജൂണ്‍ രണ്ടിനാണ് കെജ്രിവാള്‍ തിഹാർ ജയിലില്‍ തിരിച്ചെത്തിയത്.

മാർച്ച്‌ 21നാണ് ഇ.ഡി കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. അനധികൃതമായി ലൈസൻസ് നല്‍കാൻ എ.എ.പിയിലെ മുതിർന്ന നേതാക്കള്‍ കോടികള്‍ കൈക്കൂലി വാങ്ങിയെന്നും ഇത് ഗോവയിലും പഞ്ചാബിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നുമാണ് കേസ്.