വീടില്ലാത്ത പ്രവാസികള്‍ക്ക് പാര്‍പ്പിടപദ്ധതി -മുഖ്യമന്ത്രി

വീടില്ലാത്ത പ്രവാസികള്‍ക്ക് പാര്‍പ്പിടപദ്ധതി -മുഖ്യമന്ത്രി
alternatetext

തിരുവനന്തപുരം: വീടില്ലാത്ത പ്രവാസികള്‍ക്കായി പ്രത്യേക പാർപ്പിടപദ്ധതി നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസികളുടെ പുനരധിവാസത്തിനായി പ്രവാസി ഗ്രാമസഭകള്‍ വിളിച്ചുചേർത്ത് സ്വയംസഹായസംഘങ്ങളും സഹകരണസംഘങ്ങളും രൂപവത്കരിക്കും.

കുടുംബശ്രീമാതൃകയില്‍ പ്രവാസിമിഷനും പ്രഖ്യാപിച്ചു. ലോകകേരളസഭയിലെ ചർച്ചകള്‍ ക്രോഡീകരിച്ച്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രവാസജീവിതത്തിനുശേഷം വാർധക്യം ചെലവഴിക്കാൻ നാട്ടില്‍ മടങ്ങിവരുന്നവർക്കും, പ്രവാസികളുടെ വൃദ്ധമാതാപിതാക്കളുടെ ഒറ്റപ്പെടല്‍ ഒഴിവാക്കാനുമുള്ള സുരക്ഷാഭവനങ്ങളും സമുച്ചയങ്ങളും തുടങ്ങുന്നത് പരിശോധിക്കും.

ഈരംഗത്ത് മൂലധനനിക്ഷേപം നടത്താനുള്ള താത്പര്യവും പ്രവാസികള്‍ പ്രകടിപ്പിച്ചതിനാല്‍ തുടർനടപടി ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗള്‍ഫ്: കപ്പല്‍യാത്രാസാധ്യത തേടും -മുഖ്യമന്ത്രി തിരുവനന്തപുരം: ഗള്‍ഫ് മലയാളികള്‍ നേരിടുന്ന യാത്രാപ്രശ്നം പരിഹരിക്കാൻ ഗള്‍ഫിലെ തുറമുഖങ്ങളില്‍നിന്ന് കേരളത്തിലേക്ക് കുറഞ്ഞനിരക്കിലുള്ള കപ്പല്‍യാത്രയുടെ സാധ്യത തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ലോകകേരളസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമാനക്കമ്ബനികളുടെ കൊള്ള അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കും. 2021-ലെ കുടിയേറ്റനിയമം നടപ്പാക്കാൻ കേന്ദ്രസർക്കാരില്‍ സമ്മർദംചെലുത്തും. ഗാർഹികത്തൊഴിലാളികളായ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ ഇന്ത്യൻ എംബസികള്‍ക്കുകീഴില്‍ വനിതാസെല്‍ തുടങ്ങാൻ കേന്ദ്രത്തിനോട് ആവശ്യപ്പെടും.

ഗള്‍ഫ് മാതൃകയില്‍, പ്രാദേശികഭാഷയില്‍ പ്രാവീണ്യമുള്ള അഭിഭാഷകരുടെ സേവനം ഉപയോഗപ്പെടുത്തിയുള്ള നിയമസഹായസേവനം യൂറോപ്യൻ രാജ്യങ്ങളിലും ഓഷ്യാനിയ, മധ്യ ഏഷ്യാ പ്രദേശങ്ങളിലും പരിഗണിക്കും. ഇത് വ്യക്തികള്‍ക്കുപകരം ലീഗല്‍സ്ഥാപനങ്ങളെ ഏല്‍പ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റുപ്രഖ്യാപനങ്ങള്‍ ആതിഥേയരാജ്യങ്ങളുടെ സംഭാവനയോടെ പ്രവാസിക്ഷേമഫണ്ട് രൂപവത്കരിക്കും. തൊഴില്‍ചൂഷണം നേരിടാൻ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ നോർക്ക ഹെല്‍പ്പ് ഡെസ്ക്. കേരളത്തിന്റെ തനതുകലകളും സംസ്കാരവും വിദേശരാജ്യങ്ങളില്‍ പ്രദർശിപ്പിക്കാനും ബ്രാൻഡുചെയ്യാനുമായി കേരള കലാമണ്ഡലത്തിന്റെ ഷോ.

ആദ്യപരിപാടി അമേരിക്കയില്‍. കേരളീയകലകള്‍ ഓണ്‍ലൈനായി പഠിക്കാൻ അവസരമൊരുക്കും. പ്രവാസി എഴുത്തുകാർക്കായി ശില്പശാല. പ്രവാസികളെ പങ്കെടുപ്പിച്ച്‌ യുവജനോത്സവം. ലോകകേരളസഭയ്ക്ക് ഇനി നിയമപരിരക്ഷ ലോകകേരളസഭ നിന്നുപോവാതിരിക്കാൻ നിയമപരിരക്ഷ ഗൗരവമായെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ പ്രതിപക്ഷവുമായി ചർച്ചനടത്തും.

ജനുവരിയില്‍ ആഗോള നിക്ഷേപകസംഗമം കേരളത്തിലേക്ക് നിക്ഷേപം ആകർഷിക്കാൻ ജനുവരിയില്‍ ആഗോള നിക്ഷേപകസംഗമം സംഘടിപ്പിക്കും. എൻ.ആർ.ഐ. സംരംഭകർക്ക് പ്രത്യേകപരിശീലനം നല്‍കും. നിക്ഷേപകർക്ക് വ്യവസായമന്ത്രിക്കുമുന്നില്‍ പദ്ധതികള്‍ അവതരിപ്പിക്കാൻ ഏകോപനത്തിന് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുമെന്നും അദ്ദേഹമറിയിച്ചു.