വിഴിഞ്ഞം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ജൂണ്‍ 15ന് നാടിന് സമര്‍പ്പിക്കും

വിഴിഞ്ഞം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ജൂണ്‍ 15ന് നാടിന് സമര്‍പ്പിക്കും
alternatetext

അസാപിന്റെ വിഴിഞ്ഞം കമ്മ്യൂണിറ്റി സ്‌കില്‍ പാർക്ക് ജൂണ്‍ 15ന് നാടിന് സമർപ്പിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. സ്‌കില്‍ പാർക്കിന്റെയും ഹോസ്റ്റല്‍ ബ്ലോക്കിന്റെയും ഉദ്ഘാടനം രാവിലെ 11 മണിക്ക് നിർവ്വഹിക്കും. ചടങ്ങില്‍ മന്ത്രി വി എൻ വാസവൻ അധ്യക്ഷനും മന്ത്രി സജി ചെറിയാൻ മുഖ്യാതിഥിയുമാവും.

നൂതന തൊഴില്‍മേഖലകളിലേക്ക് എത്തിപ്പെടാൻ അഭ്യസ്തവിദ്യരും തൊഴില്‍ പരിജ്ഞാനമുള്ളവരുമായ യുവജനതയെ പ്രാപ്തരാക്കാൻ വേണ്ടിയുള്ള ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഫലപ്രദമായ ഇടപെടലായ അസാപ്പിന്റെ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ കമ്മ്യൂണിറ്റി സ്‌കില്‍ പാർക്കുകള്‍ സ്ഥാപിക്കുന്നത്. ഇത്തരത്തില്‍ സംസ്ഥാനത്ത് പൂർത്തിയാക്കിയ പതിനാറാമത് സ്‌കില്‍ പാർക്കാണ് തിരുവനന്തപുരം വിഴിഞ്ഞത്തേത്. മികവുറ്റതും നൂതനവുമായ തൊഴില്‍ പരിശീലനമാണ് ഇവിടെ ഒരുക്കുന്നത്.

തീരദേശ മേഖലയിലെ വിദ്യാർഥികള്‍ക്ക് താമസിച്ചു പഠിക്കാനുള്ള സൗകര്യാർത്ഥമാണ് ഹോസ്റ്റല്‍ സൗകര്യവും സ്‌കില്‍ പാർക്കിന് അനുബന്ധമായി ഒരുക്കിയിരിക്കുന്നത്. 18 കോടി 20 ലക്ഷം രൂപ ചെലവില്‍ രണ്ടു നിലകളിലായി, 21,570 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളോടെ വിഴിഞ്ഞം കമ്മ്യൂണിറ്റി സ്‌കില്‍ പാർക്ക് പൂർത്തിയാക്കിയിട്ടുള്ളത്. 16,387 ചതുരശ്ര അടി വിസ്തീർണ്ണത്തില്‍ നാലു നിലകളിലാണ് ഹോസ്റ്റല്‍ ബ്ലോക്ക്.