ഇടുക്കി: കട്ടപ്പന ഭാഗത്ത് വെള്ളയാംകുടിയിൽ കെഎസ്ആർടിസി ബസും മിനി ലോറിയും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ കോതമംഗലം സ്വദേശിയായ ലോറി ഡ്രൈവർ അജാസ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
നെടുങ്കണ്ടം കല്ലാറിനു സമീപത്തെ കൊടും വളവിലാണ് ബുധനാഴ്ച വൈകിട്ട് മറ്റൊരു അപകടം നടന്നത്. വണ്ടിപ്പെരിയാർ ഹാരിസൺ മലയാളം എസ്റ്റേറ്റിൽ നിന്നും തേയിലകൊളുന്തുമായി മൂന്നാറിലേക്ക് പോയ മിനിലോറിയാണ് വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്. അപകടത്തിൽ പരിക്കേറ്റ കമ്പനി ജീവനക്കാരായ സോമൻ, ലിംഗം, വിജയ് എന്നിവരെ കല്ലാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നെടുങ്കണ്ടത്തു തന്നെ ബുധനാഴ്ച രാവിലെ പത്തരയോടെയാണ് താന്നിമൂട്ടിൽ വച്ച് ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം നടന്നത്. നെടുങ്കണ്ടത്തു നിന്നും കുമളിയിലേക്കു പോയ ബസും, എതിരെ വന്ന മറ്റൊരു ബസും തമ്മിലാണ് ശക്തമായി കൂട്ടിയിടിച്ചത്. അപകടത്തിൽ യാത്രക്കാരായ നിരവധി പേർക്കാണ് പരിക്കേറ്റിട്ടുള്ളത്