എൻജിനീയറിങ്, ഐസര്‍ പ്രവേശന പരീക്ഷ ഒരേ ദിവസം; വിദ്യാര്‍ഥികള്‍ പ്രതിസന്ധിയില്‍

എൻജിനീയറിങ്, ഐസര്‍ പ്രവേശന പരീക്ഷ ഒരേ ദിവസം; വിദ്യാര്‍ഥികള്‍ പ്രതിസന്ധിയില്‍
alternatetext

തിരുവനന്തപുരം: കേരള എൻജിനീയറിങ് പ്രവേശന പരീക്ഷയും ഐസർ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്) പ്രവേശന പരീക്ഷയും ഒരേ ദിവസം. ജൂണ്‍ ഒമ്ബതിനാണ് രണ്ടു പരീക്ഷകളും നിശ്ചയിച്ചിരിക്കുന്നത്. രണ്ടു പ്രവേശന പരീക്ഷകള്‍ക്കും അപേക്ഷിച്ചവരെ ഇത് ആശങ്കയിലാക്കിയിട്ടുണ്ട്. എൻജിനീയറിങ്ങിന് കമ്ബ്യൂട്ടർ അധിഷ്ഠിത ഓണ്‍ലൈൻ പ്രവേശന പരീക്ഷ ജൂണ്‍ അഞ്ചു മുതല്‍ ഒമ്ബതു വരെ നടത്താനാണ് തീരുമാനം.

ഇതില്‍ ഒമ്ബതിന് രാവിലെ എൻജിനീയറിങ് പ്രവേശന പരീക്ഷയും ഉച്ചക്കു ശേഷം ഫാർമസി പ്രവേശന പരീക്ഷയും നടത്തുന്നുണ്ട്. ശാസ്ത്ര പഠനത്തിനായി തിരുവനന്തപുരത്ത് ഉള്‍പ്പെടെ പ്രവർത്തിക്കുന്ന പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് ഐസർ. ഐസർ പ്രവേശന പരീക്ഷക്കൊപ്പം എൻജിനീയറിങ് പ്രവേശന പരീക്ഷ വരുന്നത് തിരിച്ചടിയാകും.

നേരത്തേ ജൂണ്‍ ഒന്നു മുതല്‍ ഒമ്ബതു വരെ എൻജിനീയറിങ് പ്രവേശന പരീക്ഷ നടത്താനായിരുന്നു തീരുമാനം. എന്നാല്‍, 240ഓളം പരീക്ഷ കേന്ദ്രങ്ങള്‍ ലഭിച്ചതോടെ ജൂണ്‍ അഞ്ചു മുതല്‍ ഒമ്ബതു വരെ അഞ്ചു ദിവസം നീളുന്ന ഷെഡ്യൂളാണ് തയാറാക്കിയത്. ഒന്നോ രണ്ടോ ദിവസം മുമ്ബ് എൻജി.പ്രവേശന പരീക്ഷ നടത്തിയാല്‍ പ്രതിസന്ധി പരിഹരിക്കാമെന്നാണ് പ്രതീക്ഷ. എൻജി. പ്രവേശന പരീക്ഷ മാറ്റണമെന്നാവശ്യപ്പെട്ട് വിദ്യാർഥികളില്‍നിന്നും രക്ഷാകർത്താക്കളില്‍നിന്നും പ്രവേശന പരീക്ഷാ കമീഷണർക്ക് അപേക്ഷ ലഭിച്ചിട്ടുണ്ട്.