രണ്ടു ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യത;ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

രണ്ടു ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യത;ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്
alternatetext

തിരുവനന്തപുരം: ഉഷ്ണതരംഗ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ആലപ്പുഴ ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഇന്ന് ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണം. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും ഉയര്‍ന്ന താപനില രേഖപ്പെടുത്തുമെന്ന കണക്കുകൂട്ടലിന്റേയും അടിസ്ഥാനത്തിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചത്.

ഇന്നും നാളെയും ( വ്യാഴം, വെള്ളി) തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39°C വരെയും ആലപ്പുഴ ജില്ലയില്‍ 38°C വരെയും കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 37°C വരെയും തിരുവനന്തപുരം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 36°C വരെയും (സാധാരണയെക്കാള്‍ 3 – 5°C കൂടുതല്‍) രേഖപ്പെടുത്താന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളില്‍ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഉഷ്ണതരംഗം: ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാന്‍ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം.

മറ്റു നിര്‍ദേശങ്ങള്‍: പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക. ശരീരത്തില്‍ നേരിട്ട് വെയിലേല്‍ക്കുന്ന എല്ലാതരം പുറം ജോലികളും, കായിക വിനോദങ്ങളും, മറ്റ് പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായും നിര്‍ത്തി വെക്കുക. ധാരാളമായി വെള്ളം കുടിക്കുക. അത്യാവശ്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്ബോള്‍ നിര്‍ബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക.

കായികാദ്ധ്വാനമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ഇടവേളകള്‍ എടുത്തും വിശ്രമിച്ച്‌ കൊണ്ടും മാത്രം ജോലിയില്‍ ഏര്‍പ്പെടുക. നിര്‍ജലീകരണം ഉണ്ടാക്കുന്ന മദ്യം, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, ചായ കാപ്പി എന്നിവ പകല്‍ സമയത്ത് പൂര്‍ണ്ണമായും ഒഴിവാക്കുക. വീട്ടിലും ഓഫീസിലും തൊഴിലിടത്തിലും വായു സഞ്ചാരം ഉറപ്പാക്കുക. കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പ്രത്യേക കരുതല്‍ ഉറപ്പാക്കണം.

എല്ലാവിധ പൊതുപരിപാടികളും വൈകുന്നേരങ്ങളിലേക്ക് മാറ്റി വക്കുന്നത് ഉചിതമായിരിക്കും. പൊതുജനങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തി പരമാവധി പുറത്തിറങ്ങാതെ സുരക്ഷിതരായി ഇരിക്കണം മഴ മുന്നറിയിപ്പ് അതിനിടെ ചൂടിന് ആശ്വാസം പകര്‍ന്ന് സംസ്ഥാന വേനല്‍ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ് നല്‍കി. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

ജാഗ്രതയുടെ ഭാഗമായി ഇന്ന് മലപ്പുറം, വയനാട് ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച വയനാട്ട് ജില്ലയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശം: കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. തിരമാലയുടെ വേഗം സെക്കന്‍ഡില്‍ 15 cm നും 50 cm നും ഇടയില്‍ മാറിവരുവാന്‍ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം