തിരുവനന്തപുരം: ആലപ്പുഴ ജില്ലയില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. ചൂടേറിയതും അസ്വസ്ഥതയേറിയതുമായ അന്തരീക്ഷ സ്ഥിതി അടുത്ത രണ്ട് ദിവസവും ജില്ലയില്‍ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇതിനുപുറമെ ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ ഇന്ന് രാത്രിയും ചൂട് കൂടുമെന്ന മുന്നറിയിപ്പുണ്ട്. നാളെ ഇടുക്കി, മലപ്പുറം ജില്ലകളില്‍ വേനല്‍ മഴയ്ക്ക് സാധ്യതയുണ്ട്.
ഇവിടെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ജില്ലകളിലുള്ളത്. കൂടാതെ പാലക്കാട്, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട്, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ ഉയര്‍ന്ന താപനിലക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉഷ്ണതരംഗ മുന്നറിയിപ്പുള്ള ആലപ്പുഴയില്‍ അതീവ ജാഗ്രത വേണ്ട സാഹചര്യമാണെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം.
സൂര്യാഘാതവും സൂര്യാതപവും ഏല്ക്കാന് സാധ്യത കൂടുതലാണ്. പൊതുജനങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തി പരമാവധി പുറത്തിറങ്ങാതെ സുരക്ഷിതരായി ഇരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.