മൂവാറ്റുപുഴ: ഹൃദയാഘാതം മൂലം അമ്മ മരിച്ചെന്ന് മക്കൾ. എന്നാൽ പരിശോധനയിൽ ദാരുണമായി കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു. മുവാറ്റുപുഴ ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടിൽ പരേതനായ ഭാസ്‌കരന്‍റെ ഭാര്യ കൗസല്യയുടെ (67) മരണമാണ് ആദ്യം സ്വാഭാവികവും പിന്നീട് കൊലപാതകവുമായി മാറിയത്. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് ഹൃദയാഘാതം മൂലം അമ്മ മരിച്ചെന്ന് മക്കളായ സിജോയും, ജിജോയും നാട്ടുകാരെ അറിയിച്ചത്.
വീട്ടിനുള്ളില്‍ കട്ടിലിൽ മരിച്ച നിലയിൽ കിടക്കുന്ന കൗസല്യയുടെ മരണം സ്ഥിരീകരിക്കാൻ പഞ്ചായത്ത് അംഗം രഹ്‍ന സോബിൻ കല്ലൂർക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ വിളിച്ചു. സ്ഥലത്തെത്തി ഡോക്ടർ കൗസല്യയെ പരിശോധിച്ച ശേഷം സ്വാഭാവിക മരണമല്ലെന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.
കൊലപാതകവുമെന്ന നിഗമനത്തിൽ തിങ്കളാഴ്ച രാവിലെ മക്കളായ സിജോയെയും, ജോജോയെയും പൊലീസ് കസ്‌റ്റഡിയിൽ എടുക്കുകയും, വിശദമായ ചോദ്യം ചെയ്യുകയും ചെയ്തു. പോലീസിനു മുന്നിൽ പിടിച്ചുനിൽക്കാനാകാതെ, അമ്മയുടെ മൂന്ന് പവന്റെ മാലക്കു വേണ്ടി താൻ ചെയ്തതാണെന്ന് ജോജോ പറഞ്ഞു. തുടര്‍ന്ന് പോലീസ് വൈദ്യപരിശോധനയും മറ്റ് തെളിവെടുപ്പുകളും പൂർത്തിയാക്കി, വീടിന്‍റെ ശുചിമുറിയിൽ നിന്ന് പ്രതിയെക്കൊണ്ട് മാല കണ്ടെടുക്കുകയും ചെയ്തു.
കൗസല്യയുടെ മൃതദേഹം ചൊവ്വാഴ്ച പോസ്‌റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. യുകെയിലുള്ള മകൾ മഞ്ജു നാട്ടിൽ എത്തിയതിനു ശേഷം സംസ്‌കാരം നടത്തും