മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കുമെതിരായ ഹർജിയില്‍ വിധി ഇന്ന്

മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കുമെതിരായ ഹർജിയില്‍ വിധി ഇന്ന്
alternatetext

തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കുമെതിരായ ഹർജിയില്‍ വിധി ഇന്ന്. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയാണ് വിധി പറയുക. മാത്യു കുഴല്‍നാടൻ എം എല്‍ എയുടെ പരാതിയിലാണ് നടപടി. സി.എം.ആർ.എല്‍ കമ്ബനിക്ക് മുഖ്യമന്ത്രി വഴിവിട്ട സഹായം നല്‍കിയെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ ആരോപണം. ഇത്‌ സാധൂകരിക്കുന്ന രേഖ ഹാജരാക്കണമെന്ന് കോടതി മാത്യു കുഴല്‍നാടനോട് ആവർത്തിച്ച്‌ ആവശ്യപ്പെട്ടിരുന്നു.

ഇതിനുപിന്നാലെ മാത്യു കുഴല്‍നാടൻ മൂന്ന് രേഖകള്‍ ഹാജരാക്കി. തോട്ടപ്പള്ളി സ്പില്‍വേയില്‍ നിന്ന് എക്കലും മണ്ണും മൂന്നു ദിവസത്തിനകം നീക്കണമെന്ന ജില്ലാകളക്ടറുടെ കത്ത്, കെ.എം.ആർ.എല്ലിന്റെ പക്കലുള്ള അധിക ഭൂമിക്ക് ഇളവനുവദിക്കണമെന്ന അപേക്ഷ സർക്കാർ തള്ളിയതിനെതിരായ ഹൈക്കോടതി ഉത്തരവ്, ഇതിന്റെ അടിസ്ഥാനത്തില്‍ വിശദപരിശോധന നിർദ്ദേശിച്ചുള്ള സർക്കാർ കുറിപ്പ് എന്നിവയാണ് കുഴല്‍നാടൻ കോടതിയില്‍ ഹാജരാക്കിയത്. മാത്യു കുഴല്‍നാടൻ ഹാജരാക്കിയ രേഖകളില്‍ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന ഒരു തെളിവും ഇല്ലെന്ന് വിജിലൻസ് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചിട്ടുണ്ട്.

സി.എം.ആർ.എല്ലിന്റെ അപേക്ഷ തള്ളിയ സർക്കാർ ഉത്തരവ് വിജിലൻസും ഹാജരാക്കിയിരുന്നു. ഇതിനുപിന്നാലെ മുഖ്യമന്ത്രി എന്ത് സഹായമാണ് സി.എം.ആർ.എല്ലിന് നല്‍കിയതെന്ന കോടതിയുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാൻ കുഴല്‍നാടനായില്ല. ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നുമുള്ള മുൻനിലപാട് കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോള്‍ വിജിലൻസ് ആവർത്തിച്ചിരുന്നു