മാസപ്പടി വിവാദത്തില്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ഇഡി ഇന്ന് ചോദ്യം ചെയ്തേക്കും

മാസപ്പടി വിവാദത്തില്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ഇഡി ഇന്ന് ചോദ്യം ചെയ്തേക്കും
alternatetext

മാസപ്പടി വിവാദത്തില്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്ബില്‍ ഹാജരാകും. രാവിലെ കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ഹാജരാകാനാണ് സമന്‍സ് . ആദ്യമായാണ് സി എം ആര്‍ എല്‍ കേസില്‍ ഇ ഡി ചോദ്യം ചെയ്യല്‍ നടപടിയിലേക്ക് കടക്കുന്നത്. മാസപ്പടി വിവാദത്തില്‍ സിഎംആര്‍എലിലെ ഫിനാന്‍സ് വിഭാഗം ഉദ്യോഗസ്ഥരോടാണ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ ഡി നിര്‍ദേശിച്ചിരിക്കുന്നത്.

എസ് എഫ് ഐ ഒ യുടേയും ആദായ നികുതി വകുപ്പിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇ ഡി കേസ് ഏറ്റെടുത്തത്. കേന്ദ്ര സര്‍ക്കാരിന്റെ എസ് എഫ് ഐ ഒ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് കേസില്‍ ഇ ഡി അന്വേഷണവും ആരംഭിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്‌സാ ലോജിക് കമ്ബനിയും സി എം ആര്‍ എലും തമ്മില്‍ നടത്തിയ 1.72 കോടി രൂപയുടെ സാമ്ബത്തിക ഇടപാടിലാണ് ഇ ഡി അന്വേഷണം പുരോഗമിക്കുന്നത്.

സി എം ആര്‍ എല്‍ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊലൂഷ്യന്‍സ് എന്ന കമ്ബനിക്ക് നല്‍കാത്ത സേവനത്തിന് 2017- 20 കാലയളവില്‍ വലിയ തുക പ്രതിഫലം നല്‍കി എന്ന ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലാണ് മാസപ്പടി വിവാദത്തിന് തിരികൊളുത്തിയത്. തുടര്‍ന്ന് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു