മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കോടതി മുൻകൂർ ജാമ്യം

മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കോടതി മുൻകൂർ ജാമ്യം
alternatetext

മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. 15,000 രൂപയുടെ ബോണ്ടും ആള്‍ജാമ്യവും ഉള്‍പ്പെടെയുള്ള നിബന്ധനകളോടെയാണ് അരവിന്ദ് കെജരിവാളിന് റൗസ് അവന്യൂ കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. തുടരെ 8 സമൻസുകള്‍ അയച്ചിട്ടും ചോദ്യം ചെയ്യലിന് അരവിന്ദ് കെജ്രിവാള്‍ ഹാജരാകാത്തതിനെ തുടർന്ന് ഇ ഡി കോടതിയെ സമീപിക്കുകയായിരുന്നു. ഈ പരാതിയിലാണ് ഇപ്പോള്‍ അരവിന്ദ് കെജ്രിവാളിന് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അരവിന്ദ് കെജ്രിവാളിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിന് അരവിന്ദ് കെജ്രിവാള്‍ ഹാജരായിരുന്നില്ല. പിന്നീട് കോടതിയില്‍ അപേക്ഷ സമർപ്പിക്കുകയും കോടതി അരവിന്ദ് കെജ്രിവാളിനോട് നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു എങ്കിലും ഓണ്‍ലൈനായി കെജ്രിവാള്‍ റൗസ് അവന്യൂ കോടതിയില്‍ ഹാജരാവുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം ഇഡിയുടെ സമൻസ് സ്റ്റേ ചെയ്യണമെന്ന കെജ്രിവാളിന്റെ ആവശ്യം ഡല്‍ഹി സെഷൻസ് കോടതി തള്ളുകയും ചെയ്തിരുന്നു. മദ്യനയ അഴിമതി കേസിലെ പ്രതിയും മലയാളിയുമായ വിജയ് നായരും ആയി ചേർന്ന് പ്രവർത്തിക്കാൻ അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടെന്നും കേസിലെ മറ്റൊരു പ്രതിയായ സമീർ മഹേന്ദ്രവുമായി കെജ്രിവാള്‍ വീഡിയോ കോളില്‍ സംസാരിച്ചിരുന്നു എന്നും ഇഡി ആരോപിക്കുന്നു.

അതേസമയം ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ബി ആർ എസ് നേതാവ് കെ കവിതയെ ഇഡി ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത കവിതയെ ഡല്‍ഹിയില്‍ എത്തിച്ച്‌ ഇഡി ചോദ്യം ചെയ്യുകയാണ്. ഡല്‍ഹി സർക്കാറിന്റെ കീഴിലായിരുന്ന മദ്യ വില്പനയുടെ ലൈസൻസ് സ്വകാര്യമേഖലയ്‌ക്ക് കൈമാറിയതില്‍ അഴിമതി നടന്നിട്ടുണ്ട് എന്നും കള്ളപ്പണം വെളുപ്പിച്ചു എന്നുമൊക്കെയാണ് ഇഡി യുടെ കണ്ടെത്തല്‍. ഡല്‍ഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയും കവിതയും എഎപി നേതാവ് വിജയ് നായരും ഏതാനും മദ്യ വ്യവസായികള്‍ക്ക് അനർഹമായ ലാഭം ലഭിച്ച ഇടപാടില്‍ ഇടപെട്ടു എന്ന ആരോപണമാണ് ഇഡി ഉന്നയിക്കുന്നത്.