തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ക്ഷേമപെന്‍ഷന്‍ രണ്ടു ഗഡു കൂടി അനുവദിച്ചു. ഇന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് ക്ഷേമപെന്‍ഷന്‍ രണ്ടു ഗഡു കൂടി അനുവദിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. വിഷുവിന് മുന്‍പായിട്ടായിരിക്കും സാമൂഹികസുരക്ഷ, ക്ഷേമനിധി പെന്‍ഷന്റെ രണ്ടു ഗഡുകൂടി വിതരണം ചെയ്യുകയെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു.
നേരത്തേ അനുവദിച്ച ഒരു ഗഡു ഇന്നലെ മുതല്‍ വിതരണം തുടങ്ങിയിട്ടുണ്ട്. അതിനു പുറമേയാണ് ഈ രണ്ടു ഗഡു. രണ്ടു ഗഡു കൂടി അനുവദിച്ചതോടെ വിഷു, ഈസ്‌റ്റര്‍, റംസാന്‍ കാലത്ത് മൊത്തം 4800 രൂപവീതം ഒരോരുത്തരുടെയും കൈകളിലെത്തും. നേരത്തേ അനുവദിച്ച 1600 രൂപയോടൊപ്പം ഇപ്പോഴത്തെ 3200 രൂപ കൂടി ചേര്‍ത്താണ് ഈ തുക.
ബാങ്ക് അക്കൗണ്ട് നമ്ബര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ട് വീട്ടിലും പെന്‍ഷന്‍ എത്തിക്കും. 62 ലക്ഷം ക്ഷേമ പെന്‍ഷന്‍ ഗുണഭോക്‌താക്കളില്‍ മസ്‌റ്ററിങ് നടത്തിയ മുഴുവന്‍ പേര്‍ക്കും തുക ലഭിക്കും.