തിരുവനന്തപുരം: രാജ്യം ആവേശപൂര്‍വം കാത്തിരിക്കുന്ന ഗഗന്യാന് ബഹിരാകാശദൗത്യസംഘത്തില് പാലക്കാട്, നെന്മാറ സ്വദേശി ക്യാപ്റ്റന്‍ പ്രശാന്ത് ബി. നായരും. വ്യോമസേനയില്‍ സുഖോയ്പോര്വിമാനത്തിന്റെ പൈലറ്റാണു ക്യാപ്റ്റന്‍ പ്രശാന്ത്. ഗ്രൂപ്പ് ക്യാപ്റ്റന്മാരായ അജിത് കൃഷ്ണന്, അംഗദ് പ്രതാപ്, വിങ് കമാന്‍ഡര്‍ ശുഭാംശു ശുക്ല എന്നിവരും ദൗത്യസംഘത്തിലുണ്ട്.
തുമ്ബയിലെ വിക്രം സാരാഭായ് സ്പേസ് സെന്റര്‍ (വി.എസ്എസ്.സി) സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയാണു സംഘാംഗങ്ങളുടെ പേര് പ്രഖ്യാപിച്ചത്. നാലുപേരെയും പ്രധാനമന്ത്രി വിന് ബാഡ്ജ് അണിയിച്ച് അനുമോദിച്ചു. ഇവരില്‍ മൂന്നുപേരാകും അടുത്തവര്‍ഷം ബഹിരാകാശയാത്രയില്‍ പങ്കാളികളാവുക.
നെന്മാറ വിളമ്ബില്‍ ബാലകൃഷ്ണന്റെയും കൂളങ്ങാട്ട് പ്രമീളയുടെയും മകനാണു കേരളത്തിന്റെ അഭിമാനമായി മാറിയ പ്രശാന്ത്. പാലക്കാട് അകത്തേത്തറ എന്‍.എസ്എസ്. എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയായിരിക്കേ നാഷണല്‍ ഡിഫന്‍സ് അക്കാഡമി(എന്‍.ഡി.എ)യില്‍ ചേര്‍ന്നു. 1999 ജൂണില്‍ വ്യോമസേനയുടെ ഭാഗമായി. യു.എസ്. എയര്‍ കമാന്‍ഡ് ആന്‍ഡ് സ്റ്റാഫ് കോളജില്‍നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടി. 1998-ല്‍ ഹൈദരാബാദിലെ വ്യോമസേനാ അക്കാഡമിയില്‍നിന്ന് സ്വോര്‍ഡ് ഓഫ് ഓണര്‍ കരസ്ഥമാക്കി. ഗഗന്യാന് ദൗത്യത്തിനായി തെരഞ്ഞെടുക്കപ്പെട്ട ടെസ്റ്റ് പൈലറ്റുമാര്‍ പ്രശാന്തിന്റെ നേതൃത്വത്തില്‍ ഒന്നരവര്‍ഷം റഷ്യയിലും ബംഗളുരുവിലെ ഹ്യൂമന്‍ സ്പേസ് സെന്ററിലും പരിശീലനം നേടിയിരുന്നു.
ഇന്നലെ രാവിലെ പതിനൊന്നോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി തുടര്‍ന്ന് വി.എസ്.എസ്.സിയില്‍ മൂന്ന് പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വിമാനത്താവളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനു പകരം മന്ത്രി ജി.ആര്. അനിലാണു പ്രധാനമന്ത്രിയെ സ്വീകരിച്ചത്. വി.എസ്.എസ്.സിയിലെ ചടങ്ങില്‍ മുഖ്യമന്ത്രിയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കേന്ദ്രമന്ത്രി വി. മുരളീധരനും പങ്കെടുത്തു.