രാജ്യസഭയിലെ 56 സീറ്റുകളിലെ ഒഴിവിലേക്കുള്ള തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു

രാജ്യസഭയിലെ 56 സീറ്റുകളിലെ ഒഴിവിലേക്കുള്ള തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു
alternatetext

ന്യൂഡല്‍ഹി: രാജ്യസഭയിലെ 56 സീറ്റുകളിലെ ഒഴിവിലേക്കുള്ള തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു. ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡ, മുൻ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, ബി.ജെ.പിയിലേക്ക് ചേക്കേറിയ അശോക് ചവാൻ തുടങ്ങിയവരടക്കം മത്സരിക്കുന്നുണ്ട്. യു.പിയില്‍നിന്ന് പത്തും മഹാരാഷ്ട്ര, ബിഹാർ എന്നിവിടങ്ങളില്‍നിന്ന് ആറ് വീതവും മധ്യപ്രദേശില്‍നിന്നും പശ്ചിമ ബംഗാളില്‍നിന്നും അഞ്ചും കർണാടകയില്‍നിന്നും ഗുജറാത്തില്‍നിന്നും നാല് വീതവും പേർ രാജ്യസഭയിലെത്തും.

ആന്ധ്രപ്രദേശ്, തെലങ്കാന, രാജസ്ഥാൻ, ഒഡിഷ (മൂന്ന് വീതം), ഉത്തരാഖണ്ഡ്, ഛത്തിസ്ഗഢ്, ഹരിയാന, ഹിമാചല്‍ പ്രദേശ് (ഒന്ന് വീതം) എന്നീ സംസ്ഥാനങ്ങളിലേതാണ് മറ്റ് ഒഴിവുകള്‍. ഈ മാസം 20 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തിയതി. 27നാണ് വോട്ടെടുപ്പും ഫലപ്രഖ്യാപനവും.

യു.പിയില്‍നിന്ന് മുൻ കേന്ദ്രമന്ത്രി ആർ.പി.എൻ. സിങ്ങടക്കം എട്ടുപേരെയാണ് ബി.ജെ.പി രംഗത്തിറക്കുന്നത്. സമാജ്‍വാദി പാർട്ടി ജയ ബച്ചനടക്കം മൂന്ന് പേരെയാണ് ഇറക്കുന്നത്. റായ്ബറേലിയില്‍നിന്നുള്ള ലോക്സഭാംഗമായ സോണിയ ഗാന്ധി രാജസ്ഥാനില്‍നിന്നാണ് പത്രിക നല്‍കിയത്. രാജസ്ഥാനിലെ ബാക്കി രണ്ട് സീറ്റുകള്‍ ബി.ജെ.പിക്ക് സ്വന്തമാകും. മഹാരാഷ്ട്രയില്‍നിന്നാണ് അശോക് ചവാൻ ബി.ജെ.പി ടിക്കറ്റില്‍ രാജ്യസഭയിലെത്താനൊരുങ്ങുന്നത്.

എൻ.ഡി.എക്ക് നിലവില്‍ രാജ്യസഭയില്‍ 114 അംഗങ്ങളാണുള്ളത്. ഇതില്‍ 93ഉം ബി.ജെ.പിക്കാണ്. കോണ്‍ഗ്രസിന് 30 അംഗങ്ങളുണ്ട്. ഏപ്രില്‍ രണ്ടിന് 50ഉം മൂന്നിന് ആറും അംഗങ്ങള്‍ വിരമിക്കും. കേന്ദ്രമന്ത്രിമാരും മലയാളികളുമായ രാജീവ് ചന്ദ്രശേഖരനും വി. മുരളീധരനും വീണ്ടും അവസരം നല്‍കിയിട്ടില്ല. ഇരുവരും ലോക്സഭയിലേക്ക് മത്സരിക്കാനാണ് സാധ്യത.

കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാനും ഭൂപേന്ദ്ര യാദവും രാജ്യസഭ സ്ഥാനം ഒഴിഞ്ഞു. നിലവില്‍ ഒഴിയുന്ന 28 ബി.ജെ.പി അംഗങ്ങളില്‍ ജെ.പി. നഡ്ഡ, കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, എല്‍. മുരുഗൻ, ദേശീയ വക്താവ് സുധാൻഷു ത്രിവേദി എന്നിവർക്കാണ് വീണ്ടും അവസരം നല്‍കിയത്.

ഹിമാചല്‍ പ്രദേശില്‍നിന്ന് കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്‍വി തെരഞ്ഞെടുക്കപ്പെടും. ബി.ജെ.പി പ്രസിഡന്റ് നഡ്ഡ ഗുജറാത്തില്‍നിന്നാണ് പത്രിക സമർപ്പിച്ചത്. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ ഓഫിസ് കോഓഡിനേറ്റർ കൂടിയായ സയ്യിദ് നസീർ ഹുസൈൻ കർണാടകയില്‍നിന്ന് വീണ്ടും രാജ്യസഭയിലെത്തും. തെലങ്കാനയില്‍നിന്ന് മുൻ കേന്ദ്രമന്ത്രി രേണുക ചൗധരി ഇടവേളക്കുശേഷം രാജ്യസഭാംഗമാകും.