സിപിഐ മന്ത്രിമാരുടെ വകുപ്പുകള്‍ക്ക് ബജറ്റില്‍ ആവശ്യത്തിനു തുക വകയിരുത്തിയില്ലെന്ന വിമർശനത്തിനും, ഇടതുനയത്തിനു വിരുദ്ധമായി വിദേശ സർവകലാശാലകള്‍ ആരംഭിക്കാനുള്ള പ്രഖ്യാപനത്തിനും പിന്നാലെ ബജറ്റ് പൊതുചർച്ചയ്ക്ക് ഇന്നു നിയമസഭയില്‍ തുടക്കമാകും.
ഇന്നുമുതല്‍ മൂന്നു ദിവസമാണു നിയമസഭയില്‍ ബജറ്റ് പൊതുചർച്ച. സിപിഐയുടെ കൈവശമുള്ള ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പിനും മൃഗസംരക്ഷണ വകുപ്പിനും ആവശ്യത്തിനുള്ള ഫണ്ട് ബജറ്റില്‍ വകയിരുത്തിയില്ലെന്ന കടുത്ത വിമർശനം മന്ത്രിമാരായ ജി.ആർ. അനിലും ജെ. ചിഞ്ചുറാണിയും ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സിപിഐ സംസ്ഥാന നേതൃയോഗങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി കെ.എൻ. ബാലഗോപാലിനുമെതിരേ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു.
ഇടതുനയത്തിനു വിരുദ്ധമായി വിദേശ സർവകലാശാലകളുടെ കാന്പസ് സംസ്ഥാനത്തു തുറക്കുമെന്നു ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. നയത്തിനു വിരുദ്ധമായ സർക്കാർ പ്രഖ്യാപനത്തിലും സിപിഐ യോഗത്തില്‍ വിമർശനമുയർന്നിരുന്നു. എന്നാല്‍, ചർച്ചയ്ക്കുവേണ്ടിയാണ് വിദേശ സർവകലാശാലാ ബജറ്റില്‍ പ്രഖ്യാപിച്ചതെന്നായിരുന്നു ധനമന്ത്രിയുടെ മറുപടി.
ഉന്നതവിദ്യാഭ്യാസ വകുപ്പ് അറിയാതെയാണ് വിദേശ സർവകലാശാലാ പ്രഖ്യാപനം ബജറ്റില്‍ വന്നതെന്ന ആരോപണം ഉയർന്നിരുന്നു. മന്ത്രി ആർ. ബിന്ദു അടക്കം വിമർശനം ഉന്നയിച്ചതിനു പിന്നാലെ പരസ്യ പ്രസ്താവന നടത്തരുതെന്ന മുന്നറിയിപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ നല്‍കിയിരുന്നു.
14ന് ബജറ്റ് പൊതുചർച്ച അവസാനിപ്പിച്ച് ചർച്ചയുടെ അടിസ്ഥാനത്തിലുള്ള ആവശ്യമായ മാറ്റം ധനമന്ത്രി പ്രഖ്യാപിക്കും. നാലു മാസത്തെ സർക്കാർ ചെലവുകള്‍ക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ടുകൂടി പാസാക്കി 15ന് നിയമസഭാ സമ്മേളനം സമാപിക്കും.