അടിമാലി: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാലു വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. അടിമാലി പോലീസ് പോക്സോ വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള കേസിൽ ആറു പ്രതികളിലൊരാളായ ഒഴുവത്തടം സ്വദേശി രഞ്ജിത്ത് ജോർജിനെ ആണ് കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയെ സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടാണ് പ്രതികൾ ലൈംഗികപീഢനത്തിന് ഇരയാക്കിയത്.
കഴിഞ്ഞ നാലാം തീയതി പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായതിനെ തുടർന്ന് വീട്ടുകാരുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കോതമംഗലത്ത് നിന്നും പെൺകുട്ടിയെ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പെൺകുട്ടിയെ രണ്ടു വർഷത്തിനിടെ പല തവണയായി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായി പെൺകുട്ടി മൊഴി നൽകിയത്. കേസിൽ പ്രായപൂർത്തിയാകാത്ത അടിമാലി സ്വദേശികളായ രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എറണാകുളം ജില്ലയിലെ പൂയംകുട്ടി സ്വദേശികളായ രണ്ടുപേരും മലപ്പുറം സ്വദേശിയും പെൺകുട്ടിയെ ഉപദ്രവിച്ചതായാണ് പറയുന്നത്