ന്യൂഡല്‍ഹി: സാന്പത്തിക പ്രതിസന്ധിയില്‍ കേരളത്തിന്‍റെ ധനകാര്യമാനേജ്മെന്‍റിന്‍റെ പിടുപ്പുകേടെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയില്‍. ധനകാര്യകമ്മീഷൻ നിർദേശിച്ചതിനെക്കാള്‍ കൂടുതല്‍ പണം നല്‍കിയിട്ടുണ്ടെന്നും കടമെടുപ്പ് പരിധി ഉയർത്താനാവില്ലെന്നും എജി മുഖേന ധനകാര്യമന്ത്രാലയം സമർപ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര നിലപാടിനെതിരേ കേരളം നല്‍കിയ സ്യൂട്ട് ഹർജിയിലാണ് കോടതിയെ കേന്ദ്രം നിലപാടറിയിച്ചത്. കിഫ്ബിക്ക് സ്വന്തമായ വരുമാന സ്രോതസ് ഇല്ലെന്നും എടുക്കുന്ന കടം ശന്പളവും പെൻഷനും ഉള്‍പ്പെടെയുള്ള ദൈനംദിന പ്രവർത്തനങ്ങള്‍ക്ക് സംസ്ഥാനം ചെലവഴിക്കുന്നുവെന്നും കേന്ദ്രം കുറ്റപ്പെടുത്തി. പഞ്ചാബിനും ബംഗാളിനുമൊപ്പം രാജ്യത്തെ ഏറ്റവും മോശം ധനകാര്യമാനേജ്മെന്‍റുള്ള സംസ്ഥാനമാണ് കേരളം. 2018-2019ല്‍ കടമെടുപ്പ് ജിഡിപിയുടെ 31 ശതമാനമായിരുന്നെങ്കില്‍ 2021-22 ല്‍ 39 ശതമാനമായി ഉയർന്നെന്ന് കുറ്റപ്പെടുത്തുന്നു.
സംസ്ഥാനങ്ങളുടെ റവന്യു ചെലവ് 74 ശതമാനത്തില്‍നിന്ന് 82 ശതമാനമായെന്നു കേന്ദ്രസർക്കാർ പറയുന്നു. കേന്ദ്രം നല്‍കേണ്ട നികുതി വരുമാനവും ജിഎസ്ടി നഷ്ടപരിഹാരവും കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കുള്ള പണവും നല്‍കിയിട്ടുണ്ട്. ഇതിനെല്ലാം പുറമേ ഊർജമേഖലയിലേക്ക് നാലായിരം കോടി കഴിഞ്ഞ രണ്ടു സാന്പത്തിക വർഷവും നല്‍കിയെന്നും ധനകാര്യമന്ത്രാലയം സുപ്രീംകോടതിയെ അറിയിച്ചു