സംസ്ഥാനത്തെ 23 തദ്ദേശ സ്വയംഭരണ വാർഡുകളില്‍ ഫെബ്രുവരി 22 ന് ഉപതിരഞ്ഞെടുപ്പ്

സംസ്ഥാനത്തെ 23 തദ്ദേശ സ്വയംഭരണ വാർഡുകളില്‍ ഫെബ്രുവരി 22 ന് ഉപതിരഞ്ഞെടുപ്പ്
alternatetext

തിരുവനന്തപുരം കോർപ്പറേഷനിലെ വെള്ളാർ വാർഡ് ഉള്‍പ്പെടെ സംസ്ഥാനത്തെ 23 തദ്ദേശ സ്വയംഭരണ വാർഡുകളില്‍ ഫെബ്രുവരി 22 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. വിജ്ഞാപനം തിങ്കളാഴ്ച (ജനുവരി 29) പുറപ്പെടുവിക്കും. നാമനിർദ്ദേശപത്രിക ഫെബ്രുവരി അഞ്ച് വരെ സമർപ്പിക്കാം. സൂക്ഷ്മ പരിശോധന ഫെബ്രുവരി ആറിന് വിവിധ കേന്ദ്രങ്ങളില്‍ നടത്തും.

പത്രിക ഫെബ്രുവരി എട്ട് വരെ പിൻവലിക്കാം. വോട്ടെണ്ണല്‍ ഫെബ്രുവരി 23 ന് രാവിലെ 10 മണിക്ക് ആരംഭിക്കും. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ഉപതിരഞ്ഞെടുപ്പുള്ള ഗ്രാമപഞ്ചായത്തുകളില്‍ മുഴുവൻ വാർഡുകളിലും, കോർപ്പറേഷൻ, മുനിസിപ്പാലിറ്റികളില്‍ അതത് വാർഡുകളിലുമാണ് പെരുമാറ്റച്ചട്ടം ബാധകം. നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം കെട്ടിവയ്‌ക്കേണ്ട തുക മുനിസിപ്പല്‍ കോർപ്പറേഷനില്‍ 5000 രൂപയും മുനിസിപ്പാലിറ്റികളില്‍ 4000 രൂപയും ഗ്രാമപഞ്ചായത്തുകളില്‍ 2000 രൂപയുമാണ്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങള്‍ക്ക് അവയുടെ പകുതി തുക മതിയാകും.

അർഹതയുള്ള സ്ഥാനാർത്ഥികള്‍ക്ക് നിക്ഷേപത്തുക കാലതാമസം കൂടാതെ തിരികെ ലഭിക്കുന്നതിന് പത്രികയോടൊപ്പം നിശ്ചിത ഫോമില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൂടി നല്‍കണം. തിരഞ്ഞെടുപ്പിനു വേണ്ടി അന്തിമ വോട്ടർപട്ടിക ജനുവരി 25ന് പ്രസിദ്ധീകരിച്ചു. 23 വാർഡുകളിലായി ആകെ 32,512 വോട്ടർമാരുണ്ട്. അതില്‍ 15,298 പുരുഷന്മാരും 17,214 സ്ത്രീകളും ഉള്‍പ്പെടും. www.seckerala.gov.in ലും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലും വോട്ടർ പട്ടിക ലഭ്യമാണ്. പത്ത് ജില്ലകളിലായി ഒരു കോർപ്പറേഷൻ വാർഡിലും നാല് മുനിസിപ്പാലിറ്റി വാർഡുകളിലും 18 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

ജില്ല, തദ്ദേശസ്ഥാപനം, വാർഡ് നമ്ബരും പേരും ക്രമത്തില്‍ :

  • തിരുവനന്തപുരം – തിരുവനന്തപുരം മുനിസിപ്പല്‍ കോർപ്പറേഷനിലെ 64. വെള്ളാർ, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ 13. കുന്നനാട്, പൂവച്ചല്‍ ഗ്രാമപഞ്ചായത്തിലെ 06. കോവില്‍വിള, പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്തിലെ 08.അടയമണ്‍.
  • കൊല്ലം – ചടയമംഗലം ഗ്രാമപഞ്ചായത്തിലെ 10. കുരിയോട്
  • പത്തനംതിട്ട – നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ 09. കടമ്മനിട്ട
  • ആലപ്പുഴ – വെളിയനാട് ഗ്രാമപഞ്ചായത്തിലെ 08. കിടങ്ങറ ബസാർ തെക്ക്
  • ഇടുക്കി – മൂന്നാർ ഗ്രാമപഞ്ചായത്തിലെ 11. മൂലക്കട, മൂന്നാർ ഗ്രാമപഞ്ചായത്തിലെ 18. നടയാർ.
  • എറണാകുളം – എടവനക്കാട് ഗ്രാമപഞ്ചായത്തിലെ 11. നേതാജി, നെടുമ്ബാശ്ശേരി ഗ്രാമപഞ്ചായത്തിലെ 14. കല്‍പ്പക നഗർ.
  • തൃശ്ശൂർ – മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിലെ 07. പതിയാർകുളങ്ങര
  • പാലക്കാട് – ചിറ്റൂർ തത്തമംഗലം മുനിസിപ്പല്‍ കൗണ്‍സിലിലെ 06. മുതുകാട്, പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ 08. പൂക്കോട്ടുകാവ് നോർത്ത്, എരുത്തേമ്ബതി ഗ്രാമപഞ്ചായത്തിലെ 14. പിടാരിമേട്, തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിലെ 16. നരിപ്പറമ്ബ്.
  • മലപ്പുറം – കോട്ടക്കല്‍ മുനിസിപ്പല്‍ കൗണ്‍സിലിലെ 02. ചുണ്ട, കോട്ടക്കല്‍ മുനിസിപ്പല്‍ കൗണ്‍സിലിലെ 14. ഈസ്റ്റ് വില്ലൂർ, മക്കരപ്പറമ്ബ് ഗ്രാമപഞ്ചായത്തിലെ 02. കാച്ചിനിക്കാട് കിഴക്ക്.
  • കണ്ണൂർ – മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ 05. മമ്മാക്കുന്ന്, രാമന്തളി ഗ്രാമപഞ്ചായത്തിലെ 09. പാലക്കോട് സെൻട്രല്‍, മട്ടന്നൂർ മുനിസിപ്പല്‍ കൗണ്‍സിലിലെ 29. ടൗണ്‍, മാടായി ഗ്രാമപഞ്ചായത്തിലെ 20. മുട്ടം ഇട്ടപ്പുറം.