താമരശ്ശേരിയില്‍ ജ്വല്ലറിയുടെ ഭിത്തി തുരന്ന് അന്‍പത് പവന് സ്വര്‍ണ്ണാഭരണം മോഷ്ടിച്ച സംഭവത്തില്‍ സി.സി.ടി.വി പരിശോധന ആരംഭിച്ചു. കോഴിക്കോട് റൂറല്‍ എസ്.പി അഗിത് സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജ്വല്ലറിയുടെ സമീപത്തുള്ള കടകളിലെയും സമീപ പ്രദേശങ്ങളിലെയും സി.സി.ടി.വി പരിശോധന ആരംഭിച്ചത്.
പ്രതികളെക്കുറിച്ചുള്ള എന്തെങ്കിലും സൂചന ഇതിലൂടെ ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. കൊടുവള്ളി ആവിലോറ സ്വദേശി അബ്ദുല്‍ സലാമിന്റെ റെന ഗോള്‍ഡ് എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. താമരശ്ശേരി പൊലീസ് സ്റ്റേഷന് സമീപത്തുള്ള ജ്വല്ലറിയിലെ മോഷണം പൊലീസനും നാണക്കേടായിരിക്കുകയാണ്.
കഴിഞ്ഞ ബുധനാഴ്ച രാവിലെ ജ്വല്ലറി തുറക്കാനെത്തിയ ജീവനക്കാരാണ് ആദ്യം മോഷണം തിരിച്ചറിഞ്ഞത്. ജ്വല്ലറിയുടെ ഭിത്തി തുരന്ന നിലയില്‍ കണ്ടെത്തിയതോടെ വിവരം പൊലീസിലറിയിക്കുകയായിരുന്നു. ജ്വല്ലറിക്ക് സൈഡിലൂടെ രണ്ടാം നിലയിലേക്ക് കയറാനുള്ള കോണിപ്പടിക്ക് സമീപത്തായുള്ള ഭിത്തിയാണ് കള്ളന്മാര് തുരുന്നത്. അകത്ത് കയറി ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ തകര്‍ത്താണ് 50 പവനോളം സ്വര്‍ണ്ണം കള്ളന്മാര് അടിച്ചെടുത്തത്.