ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ അതിശൈത്യവും മൂടല്‍ മഞ്ഞും തുടരുന്നു. കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് പലയിടത്തും ദൂരക്കാഴ്ച പൂജ്യം ഡിഗ്രിയിലാണ്. ഡല്‍ഹിയില്‍ ഞായറാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൂടല്‍മഞ്ഞ് ട്രെയിന്‍, വോയാമഗതാഗതത്തെയും പ്രതികൂലമായി ബാധിച്ചു. ഡല്‍ഹിയില്‍ എത്തേണ്ട 11 ദീര്‍ഘദൂര ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്.
തുടര്‍ച്ചായ ആറാം ദിവസവും ഡല്‍ഹി വിമാനത്താവളത്തിലും നിരവധി സര്‍വീസുകളെ മൂടല്‍ മഞ്ഞ് ബാധിച്ചു. അടുത്ത അഞ്ചുദിവസവും ഉത്തരേന്ത്യയില്‍ താപനിലയില്‍ കാര്യമായ മാറ്റമുണ്ടാകില്ലെന്നാണ് കേന്ദ്രകാലാവസ്ഥ നിരീക്ഷണകേന്ദ്രം സൂചിപ്പിക്കുന്നത്. ഡല്‍ഹിയില്‍ ഏറ്റവും കുറഞ്ഞ താപനില ഏഴ് ഡിഗ്രിയും ഉയര്‍ന്ന താപനില 15 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയത്. ഡല്‍ഹിക്ക് പുറമേ ഹരിയാന, പഞ്ചാബ്, ഹിമാചല്‍, ഉത്തരാഖണ്ഡ്, യുപി, രാജസ്ഥാന്‍, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും വരും ദിവസങ്ങളില്‍ തണുപ്പ് വര്‍ധിക്കും.
കിഴക്കന്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും കുറഞ്ഞ താപനിലയില്‍ 2-3 ഡിഗ്രി സെല്‍ഷ്യസ് കുറവുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്