രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് ഇന്ന് തുടക്കം.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് ഇന്ന് തുടക്കം.
alternatetext

ഇംഫാല്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് ഇന്ന് തുടക്കം. മണിപ്പൂര്‍ മുതല്‍ മുംബൈ വരെ നീളുന്ന രണ്ടാം ഭാരത പട്യനത്തിന് മണിപ്പൂരിലെ തൗബലിലെ യുദ്ധസ്മാരകത്തിന് സമീപത്ത് നിന്നാണ് ആരംഭം കുറിക്കുക. ഇന്‍ഡ്യാ മുന്നണിയിലെ പത്ത് പാര്‍ട്ടികള്‍ യാത്രയില്‍ പങ്കെടുക്കും. മുന്നണി നേതാക്കളെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും നേരിട്ട് ക്ഷണിച്ചിട്ടുണ്ട്.

കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ നടത്തിയ ഒന്നാം ഭാരത് ജോഡോ യാത്ര വര്‍ത്തമാന കാല കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ സംഘടനാ പ്രവര്‍ത്തനമായാണ് വിലയിരുത്തപ്പെടുന്നത്. വെറുപ്പിന്റെ കമ്ബോളത്തില്‍ സ്‌നേഹത്തിന്റെ കട തുറക്കുമെന്ന സന്ദേശമായിരുന്നു ആദ്യ യാത്രയുടെ മുദ്രാവാക്യം. എന്നാല്‍ ഇത്തവണ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ത്യന്‍ ജനതയുടെ നീതിക്കും, ന്യായത്തിനും അവകാശങ്ങള്‍ക്കും വേണ്ടിയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി കലാപ ഭൂമിയായി മാറിയ മണിപ്പൂരിലെ ജനതയ്ക്ക് നീതി ആവശ്യപ്പെട്ട് കൊണ്ടാണ് യാത്ര ആരംഭിക്കുന്നത്.

കോണ്‍ഗ്രസ്, പ്രതിപക്ഷ കക്ഷികള്‍ക്ക് പുറമെ വമ്ബിച്ച ജനസഞ്ചയം യാത്രയെ അനുഗമിക്കുമെന്നാണ് പ്രതീക്ഷ. തൊഴിലില്ലായ്മ, വിലയക്കയറ്റം, ആദിവാസി-പിന്നാക്ക വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, ദളിത് പീഡനങ്ങള്‍, ബി.ജെ.പിയുടെ വര്‍ഗീയ നിലപാടുകള്‍ എന്നിവ യാത്രയില്‍ ചോദ്യം ചെയ്യപ്പെടും. നേരത്തെ മണിപ്പൂരിലെയും, ആസാമിലെയും ബി.ജെ.പി സര്‍ക്കാരുകള്‍ യാത്രക്ക് അനുമതി നിഷേധിച്ചത് വലിയ പ്രതിഷേധിങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിനെയെല്ലാം തരണം ചെയ്ത് കൊണ്ടാണ് കോണ്‍ഗ്രസ് തങ്ങളുടെ യാത്രക്ക് ആരംഭം കുറിക്കുന്നത്.

യുദ്ധ സ്മാരകത്തില്‍ ആദരമര്‍പ്പിച്ച ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. ബസിലായിരിക്കും യാത്ര. സാധ്യമാകുന്ന ഇടങ്ങളില്‍ ആറ് കിലോമീറ്റര്‍ നടക്കും. യാത്ര നാളെയോടെ നാഗാലാന്റിലേക്ക് കടക്കും. 67 ദിവസം കൊണ്ട് 15 സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച്‌ മാര്‍ച്ച്‌ 20ന് മുംബൈയില്‍ യാത്ര അവസാനിക്കും