എറണാകുളം: ക്ഷീരോല്പാദനരംഗത്ത് സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനമാണ് ക്ഷീര വികസന വകുപ്പിലൂടെ സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി പറഞ്ഞു. ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാ ക്ഷീര സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കന്നുകാലികള്‍ക്ക് നല്‍കുന്നതിനായി ഗുണ നിലവാരമുള്ള തീറ്റ ഉറപ്പാക്കാൻ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ഗുണനിലവാരമുള്ള തീറ്റ ലഭിക്കുന്നതിലൂടെ പാല്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനാകും. കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലെയും കര്‍ഷകര്‍ക്ക് കന്നുകാലിത്തീറ്റയെ കുറിച്ച് ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കും. കാര്‍ഷിക കേരളത്തിന്റെ സമ്ബദ്ഘടനയുടെ പ്രധാന മേഖലയാണ് ക്ഷീര മേഖല. ക്ഷീര വികസനവകുപ്പിന്റെ രൂപീകരണത്തിനുശേഷം ക്ഷീരമേഖലയില്‍ അത്ഭുതകരമായ വളര്‍ച്ചയാണ് അനുഭവപ്പെട്ടത്.
മൃഗ സംരക്ഷണ വകുപ്പ് ദേശീയ തലത്തില്‍നടത്തിയ സര്‍വേ പ്രകാരം ഏറ്റവും ഗുണമേന്മയുള്ള പാല്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത് കേരളത്തിലാണെന്ന് മന്ത്രി പറഞ്ഞു. ക്ഷീരകര്‍ഷകര്‍ക്കായി മികച്ച ക്ഷേമപദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. കര്‍ഷകരുടെ ക്ഷേമത്തിനായി സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്ര സഹായം തേടിയിട്ടുണ്ടെന്നും വരും വര്‍ഷങ്ങളില്‍ മുഴുവൻ കന്നുകാലികളെയും ഇൻഷുറൻസ് ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അതിലൂടെ ക്ഷീരകര്‍ഷകരെ സംരക്ഷിക്കുന്നതിന് അവസരം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിനോടനുബന്ധിച്ച് സ്റ്റുഡന്റ്സ് ഡയറി ക്ലബ് അംഗങ്ങക്കുള്ള കന്നുകുട്ടികളുടെ വിതരണവും മത്സ്യത്തൊഴിലാളികള്‍ക്ക് പശുക്കളെ നല്‍കുന്ന ക്ഷീരതീരം പദ്ധതി, അതിദരിദ്രര്‍ക്കുള്ള പശു വിതരണ പദ്ധതി എന്നിവയുടെ ഗുണഭോക്താക്കള്‍ക്കുള്ള ധനസഹായവും മന്ത്രി നിര്‍വഹിച്ചു. ജില്ലയിലെ മികച്ച ക്ഷീര കര്‍ഷകനുള്ള അവാര്‍ഡ് കോതമംഗലം ബ്ലോക്കിലെ എം.കെ. ദിലീപ് കുമാറും മികച്ച കര്‍ഷകയ്ക്കുള്ള അവാര്‍ഡ് കൂവപ്പടി ബ്ലോക്കിലെ കെ. എം. അമ്ബിളിയും കരസ്ഥമാക്കി.