ഗുണനിലവാരമില്ലാത്ത മരുന്നു നിര്‍മിക്കുന്ന കമ്ബനികള്‍ക്കെതിരേ പിഴയടക്കമുള്ള കര്‍ശനനടപടി ശുപാര്‍ശചെയ്ത് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതിനായി മരുന്നുനിര്‍മാണ നിയമങ്ങള്‍ പരിഷ്കരിച്ച് വിജ്ഞാപനമിറക്കി. മരുന്നുനിര്‍മാണം, പ്ലാന്റിലെ അടിസ്ഥാന സൗകര്യങ്ങള്‍, നിര്‍മാണ ഉപകരണങ്ങള്‍ തുടങ്ങി സമ്ബൂര്‍ണതലത്തിലും നിലവാരം ഉറപ്പാക്കും. ചിട്ടയായ ശാസ്ത്രീയ പരിശോധനകളിലൂടെ മരുന്നിന് അപകടസാധ്യതയില്ലെന്ന് ഉറപ്പാക്കണമെന്നും പരാതി ലഭിച്ചാല്‍ മരുന്നുകള്‍ പൂര്‍ണമായും വിപണിയില്‍നിന്ന് പിന്‍വലിക്കണമെന്നും നിര്‍ദേശമുണ്ട്.
ഇന്ത്യന്‍ ചുമ മരുന്നുകള്‍ കഴിച്ച് ഗാംബിയ, ഉസ്ബെകിസ്താന്‍, ഇറാഖ് എന്നിവിടങ്ങളില്‍ നൂറോളം കുട്ടികള്‍ മരിച്ചെന്ന ആരോപണം നാണക്കേടുണ്ടാക്കിയിരുന്നു. അതിന്റെ പശ്ചാത്തലത്തില്‍ മരുന്നിന്റെ ഗുണനിലവാരത്തില്‍ ലോകാരോഗ്യസംഘടന സംശയം ഉന്നയിച്ച സാഹചര്യത്തിലാണ് നടപടി.