കൊച്ചി: കരുവന്നൂരിനു പിന്നാലെ തൃശൂരിലെ തന്നെ തുമ്ബൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ക്രമക്കേടിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വ്യാജ ആധാരം ഈടായി നല്‍കി ബാങ്ക് ഭരണസമിതിയുടെ സഹായത്തോടെ മൂന്നര കോടിരൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് ഇ.ഡി. ഇ.സി.ഐ.ആറില്‍ പറയുന്നത്.
തട്ടിപ്പിന്റെ വ്യാപ്‌തി വലുതെന്നാണ് ഇ.ഡി. വ്യക്‌തമാക്കുന്നത്. കേസില്‍ മുന്‍ ഭരണസമിതി അംഗങ്ങളെ ഉടന്‍ തന്നെ ചോദ്യം ചെയ്യും.മുന്‍ ബാങ്ക് പ്രസിഡന്റും കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായ ജോണി കാച്ചപ്പിള്ളിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കാലത്താണു തുമ്ബൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ വിവിധ തലത്തിലുള്ള ക്രമക്കേടു നടക്കുന്നത്. സഹകാരിയായ അന്‍വര്‍ നല്‍കിയ പരാതിയില്‍ സഹകരണ വകുപ്പു നടത്തിയ അന്വേഷണത്തില്‍ കരുവന്നൂര്‍ മാതൃകയിലുള്ള ക്രമക്കേടുകളുടെ വിവരം പുറത്തു വന്നിരുന്നു.
കൊറ്റനല്ലൂര്‍ വില്ലേജിലെ 116/2 സര്‍വേ നമ്ബറിലുള്ള ഭൂമി ഈടായി കാണിച്ചു ബാങ്കില്‍ നിന്ന് ഏഴുപേരുടെ പേരില്‍ 1.70 കോടി രൂപ 2017 ല്‍ വായ്‌പ അനുവദിച്ചിട്ടുണ്ട്. എന്നാല്‍, വായ്‌പയ്‌ക്ക് ഈടായി വച്ചതു റെജി എന്നയാളുടെ ഉടമസ്‌ഥതയിലുള്ള ഭൂമിയാണ്. ഭൂവുടമ അറിയാതെ ഭൂമി ഈടായി നല്‍കാന്‍ ബാങ്ക് ഭരണസമിതി അംഗവും വേളൂക്കര പഞ്ചായത്ത് അംഗവുമായ യൂസഫ് കൊടകര പറമ്ബിലാണു വസ്‌തു നോട്ട റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോട്ടിന്റെ കൂടി അടിസ്‌ഥാനത്തിലാണു കോടികള്‍ വായ്‌പ അനുവദിച്ചത്.
ഭൂമി താനറിയാതെ മറ്റു ചിലര്‍ പണയപ്പെടുത്തിയെന്നു മനസിലായതോടെ റെജി കൊടകര മജിസ്‌ട്രേറ്റ് കോടതിയില്‍ ബാങ്ക് ഭരണസമിതിക്കെതിരേ പരാതി നല്‍കിയിട്ടുണ്ട്. സമാനമായ നിരവധി വായ്‌പ ക്രമക്കേടുകള്‍ ബാങ്കില്‍ നടന്നെന്നാണ് ഇ.ഡി. വ്യക്‌തമാക്കുന്നത്.
2024 ലെ ആദ്യ കേസായാണു തുമ്ബൂര്‍ സഹകരണ ബാങ്ക് ക്രമക്കേടില്‍ ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് (ഇ.സി.ഐ.ആര്‍.) രജിസ്‌റ്റര്‍ ചെയ്‌തത്. ഏഴുപേരെ പ്രതിയാക്കി ആളൂര്‍ പോലീസെടുത്ത എഫ്.ഐ.ആറിന്റെ അടിസ്‌ഥാനത്തിലാണ് ഇ.ഡി. നടപടി. കേസില്‍ മുന്‍ ഭരണസമിതി അംഗങ്ങളടക്കമുള്ളവരെ ചോദ്യം ചെയ്യും. നിലവില്‍ അഡ്‌മിനിസ്‌ട്രേറ്റീവ് ഭരണത്തിലാണു തുമ്ബൂര്‍ സര്‍വീസ് സഹകരണ ബാങ്ക്.